പി.പി.ദിവ്യയെ തരംതാഴ്ത്തി; ഇനി പ്രാഥമിക അംഗത്വം മാത്രം
Thursday, November 7, 2024 10:54 PM IST
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ റിമാന്‍ഡിൽ കഴിയുന്ന പി.പി.ദിവ്യയെ പാർട്ടിയിൽ തരംതാഴ്ത്തി. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയത്.
ദിവ്യയെ തരംതാഴ്ത്താൻ കണ്ണൂർ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന നേതൃത്വത്തിന്റെ അനുമതിക്കായി വിട്ടിരുന്നു. ഇത് പ്രകാരം ഓൺലൈനായി ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് നടപടിക്ക് അംഗീകാരം നൽകിയത്.
സംസ്ഥാന സെക്രട്ടേറിയറ്റ് നടപടി അംഗീകരിച്ചതോടെ പി.പി.ദിവ്യ ഇനി മുതൽ ഇരണാവ് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ചിലുള്ള ഒരു സാധാരണ പാർട്ടി അംഗമായി തുടരേണ്ടി വരും. തെരഞ്ഞെടുപ്പ് കാലത്ത് ജനരോഷം കൂടി കണക്കിലെടുത്താണ് സംഭവം നടന്ന് മൂന്നാഴ്ചകൾക്ക് ശേഷം നടപടി വന്നിരിക്കുന്നത്.
നവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യയെ പ്രതിചേർത്തതിനു പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അവരെ നീക്കിയിരുന്നു. എന്നാൽ പാർട്ടി നടപടിയിലേക്ക് തത്കാലം പോകേണ്ടതില്ല എന്ന നിലപാടിലായിരുന്നു നേതൃത്വം.