കൊച്ചിയിലും ബ്ലാസ്റ്റേഴ്സിന് രക്ഷിയില്ല; തുടര്‍ച്ചയായ മൂന്നാം തോല്‍വി
Thursday, November 7, 2024 10:12 PM IST
കൊച്ചി: ഐഎസ്എല്ലില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിൽ നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്സിക്കെതിരേ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് അടിയറവ് പറഞ്ഞത്.
ആദ്യ പകുതിയുടെ 13-ാം മിനിറ്റില്‍ ജീസസ് ഗിമിനസിലൂടെ മഞ്ഞപ്പട ലീഡ് എടുത്തെങ്കിലും പിന്നീട് എതിരാളികളുടെ വല ചലിപ്പിക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല. 43-ാം മിനിറ്റില്‍ ആൻഡ്രെ ആല്‍ബയിലൂടെ ഹൈദരാബാദ് തിരിച്ചടിച്ചു.
രണ്ടാം പകുതിയില്‍ ഇരു ടീമുകളും മുന്നിലെത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ ഗാലറിയെ നിശബ്ദമാക്കി ഹൈദരാബാദിന് അനുകൂലമായ വിവാദ പെനാല്‍റ്റി വിധിക്കപ്പെട്ടു. ഹോര്‍മിപാമിന്റെ കൈയില്‍ പന്തു തട്ടിയെന്നു പറഞ്ഞായിരുന്നു റഫറി പെനാല്‍റ്റി സ്പോട്ടിലേക്ക് വിരല്‍ചൂണ്ടിയത്.
70-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ആല്‍ബ തന്നെയാണ് ലക്ഷ്യത്തിലെത്തിച്ചത്. സമനില ഗോളിനായി തലങ്ങും വിലങ്ങും ബ്ലാസ്റ്റേഴ്സ് ആക്രമിച്ച് കളിച്ചെങ്കിലും ഗോളുമാത്രം പിറന്നില്ല. സീസണില്‍ എട്ട് മത്സരങ്ങൾ പൂര്‍ത്തിയായപ്പോൾ രണ്ട് വിജയങ്ങൾ മാത്രം പേരിലുള്ള മഞ്ഞപ്പട 10-ാം സ്ഥാനത്താണ്.
വിജയിച്ചെങ്കിലും മഞ്ഞപ്പടയ്ക്ക് പിന്നില്‍ 11-ാം സ്ഥാനത്താണ് ഹൈദരാബാദ് എഫ്സി. ഏഴ് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയങ്ങളാണ് ഹൈദരാബാദിന്റെ പേരിലുള്ളത്.