ശബരിമല കെഎസ്ആർടിസി സർവീസ്; ആദ്യഘട്ടം 383 ബസ്
Thursday, November 7, 2024 2:35 PM IST
പത്തനംതിട്ട: ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തിന്റെ ആദ്യ ഘട്ടത്തില്‍ കെഎസ്ആര്‍ടിസി 383 ബസും രണ്ടാം ഘട്ടത്തില്‍ 550 ബസുകളും പമ്പ സ്പെഷല്‍ സര്‍വീസുകള്‍ക്കായി ക്രമീകരിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. തിരക്ക് അനുസരിച്ച് ബസുകളുടെ എണ്ണം കൂട്ടും.അര മിനിട്ട് ഇടവേളകളില്‍ നിലയ്ക്കല്‍ - പമ്പ സര്‍വീസ് നടത്തും.
200 ബസുകള്‍ ഇതിനായി ക്രമീകരിക്കും. ത്രിവേണി യു ടേണ്‍, നിലയ്ക്കല്‍ സ്റ്റേഷനുകളില്‍ ഭക്തജനങ്ങള്‍ക്ക് ബസില്‍ കയറാന്‍ പാര്‍ക്കിംഗ് സ്ഥലത്തുതന്നെ ബാരിക്കേഡ് സ്ഥാപിക്കും. പമ്പ യു ടേണ്‍ മുതല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് വരെ റോഡിന്റെ ഇരുവശങ്ങളിലും സ്വകാര്യവാഹനങ്ങളുടെ നിയമവിരുദ്ധ പാര്‍ക്കിംഗ് നിരോധിക്കും.
ദീര്‍ഘദൂര ബസുകളില്‍ പമ്പയില്‍ നിന്നും ആവശ്യത്തിന് ഭക്തജനങ്ങള്‍ ബസില്‍ കയറിയാല്‍ പിന്നീട് നിലയ്ക്കലേക്ക് പോകാതെ നേരിട്ട് ലക്ഷ്യസ്ഥാനത്തേയ്ക്ക് തിരിക്കും. ശബരിമല തീര്‍ഥാടകര്‍ക്കായി വെര്‍ച്വല്‍ ക്യൂ ബുക്കിംഗിനോടൊപ്പം കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനം ഏര്‍പ്പാടാക്കും.
ദര്‍ശനം ബുക്ക് ചെയ്യുമ്പോള്‍ ടിക്കറ്റെടുക്കാനുള്ള ലിങ്കും അതിനൊപ്പമുണ്ടാകും. 40 പേരില്‍ കുറയാത്ത സംഘത്തിന് 10 ദിവസം മുമ്പ് സീറ്റ് ബുക്ക് ചെയ്യാനാകും. സ്റ്റേഷനില്‍ നിന്നും 10 കിലോമീറ്ററിനകത്തു നിന്നുള്ള ദൂരത്താണെങ്കില്‍ ബസ് അവിടെ ചെന്ന് ഭക്തരെ കയറ്റും.
നിലയ്ക്കല്‍ ടോളില്‍ ഫാസ്റ്റ് ടാഗ് സംവിധാനം ഏര്‍പ്പെടുത്തും. ഓട്ടോമേറ്റഡ് വെഹിക്കിള്‍ കൗണ്ടിംഗ് സിസ്റ്റം, ഓട്ടോമേറ്റഡ് വെഹിക്കിള്‍ നമ്പര്‍ പ്ലേറ്റ് ഡിറ്റക്ഷന്‍ സിസ്റ്റം എന്നിവ സജ്ജമാക്കും. ശബരിമലയില്‍ എത്തുന്ന വാഹനങ്ങളുടെ കൃത്യമായ എണ്ണം ഇതോടെ ലഭ്യമാകും.