കൊല്ലം കളക്ട്രേറ്റ് സ്ഫോടനം: മൂന്നു പ്രതികൾക്കും ജീവപര്യന്തം തടവ്
Thursday, November 7, 2024 2:06 PM IST
കൊല്ലം: കൊല്ലം കളക്ട്രേറ്റ് സ്ഫോടനക്കേസിൽ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
കേസിലെ ഒന്നുമുതൽ മൂന്നുവരെ പ്രതികളായ, നിരോധിത സംഘടനയായ ബേസ്മൂവ്മെന്റിന്റെ പ്രവർത്തകരായ മധുര ഇസ്മായില്‍പുരം സ്വദേശി അബ്ബാസ് അലി (31), മധുര മീനാക്ഷിഅമ്മന്‍ നഗര്‍ കെ.പുതൂര്‍ സ്വദേശി ഷംസൂണ്‍ കരീംരാജ (33), മധുര പള്ളിവാസല്‍ സ്വദേശി ദാവൂദ് സുലൈമാന്‍ (27) എന്നിവരെയാണ് ശിക്ഷിച്ചത്.
വിവിധ വകുപ്പുകളിലാണെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. എട്ട് വർഷം ജയിലിൽ കഴിഞ്ഞെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നുമാണ് പ്രതികൾ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.
തിരുവനന്തപുരം സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുന്ന പ്രതികളെ കോടതിയിൽ നേരിട്ടു ഹാജരാക്കിയിരുന്നു. അതേസമയം, നാലാം പ്രതി മധുര സ്വദേശി ഷംസുദ്ദീനെ വിട്ടയച്ചു. എന്നാൽ, നടപടിക്രമങ്ങൾ പൂർത്തിയാകാനുള്ളതിനാൽ ഇയാൾ ജയിൽമോചിതനായിട്ടില്ല.
ജില്ലാ ഗവ. പ്ലീഡർ ആർ സേതുനാഥ് ആണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്. പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി. മുണ്ടയ്ക്കൽ, അഭിഭാഷകരായ മിലൻ മറിയം മാത്യു, പി.ബി. സുനിൽ, എസ്.പി. പാർഥസാരഥി, ബി. ആമിന എന്നിവരും പ്രോസിക്യൂഷനുവേണ്ടി ഹാജരായി.