സ്കൂള്‍ കായികമേള: അത്ലറ്റിക്സില് ആദ്യ സ്വര്‍ണം മുഹമ്മദ് സുല്‍ത്താന്‍
Thursday, November 7, 2024 2:05 PM IST
കൊച്ചി: സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ കൗമാരക്കുതിപ്പിന് ഇന്ന് രാവിലെ തുടക്കമായി. രാവിലെ 6.10നാണ് അത്ലറ്റിക് മത്സരങ്ങള്‍ ആരംഭിച്ചത്.
അത്ലറ്റിക്സില് തീ പാറുന്ന പോരാട്ടം കാഴ്ച വച്ച് ആദ്യ സ്വര്‍ണം മലപ്പുറം കടകശേരി ഐഡിയല്‍ ഇന്റര്‍ നാഷണല്‍ സ്കൂളിലെ മുഹമ്മദ് സുല്‍ത്താന്‍. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തിലാണ് മുഹമ്മദ് സ്വര്‍ണം നേടിയത്. മഹാരാജാസ് കോളജിലെ സിന്തറ്റിക് ട്രാക്കിലാണ് അത് ലറ്റിക്സ് മത്സരങ്ങള്‍ രാവിലെ 6.10 മുതലാണ് ആരംഭിച്ചത്.
സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ മലപ്പുറം ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസ്എസിലെ കെ.പി. ഗീതു സ്വര്‍ണം നേടി. ജൂണിയര്‍ ബോയ്സ് 3000 മീറ്റര്‍ ഓട്ടത്തില്‍ പാലക്കാട് മുണ്ടൂര്‍ എച്ച്എസ്എസിലെ എസ്. ജഗന്നാഥനാണ് സ്വര്‍ണം.
ജൂണിയര്‍ ഗേള്‍സ് 3000 മീറ്റര്‍ ഓട്ടത്തില്‍ പാലക്കാട് മുണ്ടൂര്‍ എച്ച് എസ് എസിലെ എസ്.അര്‍ച്ചന സ്വര്‍ണം നേടി. സീനിയര്‍ ബോയ്സ് 3000 മീറ്റര്‍ ഓട്ടത്തില്‍ മലപ്പുറം കെകെഎംഎച്ച് എസ് എസിലെ മുഹമ്മദ് അമീന് സ്വര്‍ണം നേടി. സീനിയര്‍ ഗേള്‍സ് 3000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം കോതമംഗലം മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സി.ആര്. നിത്യയ്ക്കാണ് സ്വര്‍ണം.
അത്ലറ്റിക്സിന്റെ ആദ്യ ദിനത്തില്‍15 ഇനങ്ങളുടെ ഫൈനലാണ് നടക്കുന്നത്. ഇന്ന് മീറ്റിലെ ഗ്ലാമര്‍ ഇനങ്ങളിലൊന്നായ 400 മീറ്ററിന്റെ ഫൈനല്‍ നടക്കും. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന മത്സരത്തില്‍ സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 98 മത്സര ഇനങ്ങളിലാണ് വിജയികളെ നിശ്ചയിക്കുക.