പ്രതീക്ഷയായി സച്ചിൻ ബേബി; യുപിക്കെതിരേ ലീഡ് പിടിച്ച് കേരളം
Thursday, November 7, 2024 12:26 PM IST
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ യുപിക്കെതിരേ കേരളത്തിന് ലീഡ്. രണ്ടാംദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 180 റൺസെന്ന നിലയിലാണ് ആതിഥേയർ. 46 റൺസുമായി ക്യാപ്റ്റൻ സച്ചിൻ ബേബിയും ഏഴുറൺസുമായി സൽമാൻ നിസാറുമാണ് ക്രീസിൽ. അഞ്ചുവിക്കറ്റ് ശേഷിക്കേ കേരളത്തിന് നിലവിൽ 18 റൺസിന്റെ ഒന്നാമിന്നിംഗ്സ് ലീഡുണ്ട്.
നേരത്തെ, രണ്ട് വിക്കറ്റ് നഷ്ടത്തിൽ 82 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് 12 റൺസെടുക്കുന്നതിനിടെ മൂന്നാം വിക്കറ്റ് നഷ്ടമായി. 32 റൺസെടുത്ത ബാബാ അപരാജിതിനെ ശിവം ശർമ ആര്യൻ ജുയാലിന്റെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നാലെ 14 റൺസെടുത്ത ആദിത്യ സർവാതെയെയും ശിവം ശർമ പുറത്താക്കിയതോടെ കേരളം നാലിന് 105 റൺസെന്ന നിലയിലായി.
പിന്നീട് അക്ഷയ് ചന്ദ്രനും ക്യാപ്റ്റൻ സച്ചിൻ ബേബിയും ചേർന്ന് നടത്തിയ ചെറുത്തുനില്പ് കേരളത്തെ 150 കടത്തി. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 63 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ സ്കോർ 168ൽ നില്ക്കെ അക്ഷയ് ചന്ദ്രനെ (24) പുറത്താക്കി സൗരഭ് കുമാർ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ കരുതലോടെ ബാറ്റ് വീശിയ സച്ചിൻ ബേബി കേരളത്തിന് ലീഡ് നല്കി.
യുപിക്കു വേണ്ടി ശിവം ശർമ രണ്ടുവിക്കറ്റും ശിവം മാവി, സൗരഭ് കുമാർ, ആഖിബ് ഖാൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. നേരത്തെ, യുപിയുടെ ഒന്നാമിന്നിംഗ്സ് 162 റൺസിൽ അവസാനിച്ചിരുന്നു. അഞ്ചുവിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയാണ് സന്ദർശകരെ കറക്കിവീഴ്ത്തിയത്.