പാതിരാ റെയ്ഡ്: പ്രതിപക്ഷ നേതാവ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി
Thursday, November 7, 2024 11:39 AM IST
തിരുവനന്തപുരം: പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടൽ മുറികളിൽ പോലീസ് റെയ്ഡ് നടത്തിയ സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി.
ഉപതെരഞ്ഞെടുപ്പുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സംസ്ഥാന ഭരണത്തിനു നേതൃത്വം നല്കുന്ന സിപിഎം പോലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്ന് പരാതിയിൽ ആരോപിക്കുന്നു.
അര്‍ധരാത്രിയില്‍ റെയ്ഡിന് എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ നിലവിലെ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായ ഷാനിമോള്‍ ഉസ്മാന്റെയും മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയുടെയും മുറികളുടെ വാതില്‍ മുട്ടിയതും പരിശോധന നടത്തിയതും. സേര്‍ച്ച് നടത്തുന്നത് സംബന്ധിച്ച് ബിഎന്‍എസ്എസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഒരു നടപടിക്രമവും പോലീസ് പാലിച്ചില്ല- പരാതിയിൽ പറയുന്നു.
പരിശോധനയ്ക്കെത്തിയ പോലീസ് സംഘത്തിനൊപ്പം എഡിഎം, ആര്‍ഡിഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇല്ലായിരുന്നു എന്നതും നിയമവിരുദ്ധമാണ്. രാത്രി 12 നുശേഷം തുടങ്ങിയ പരിശോധന പുലര്‍ച്ചെ 2.30 ആയപ്പോള്‍ മാത്രമാണ് എഡിഎമ്മും ആര്‍ഡിഒയും സ്ഥലത്തെത്തിയത്. റെയ്ഡ് വിവരം തങ്ങള്‍ അറിഞ്ഞില്ലെന്ന് ആര്‍ഡിഎം ഷാഫി പറമ്പില്‍ എം.പിയോട് വ്യക്തമാക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിയന്ത്രണങ്ങളും നിലനില്‍ക്കെ പൊലീസിനെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സര്‍ക്കാരിന് നേതൃത്വം നല്കുന്ന സിപിഎം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പരാതിയിൽ ചൂണ്ടിക്കാട്ടി.