അടിക്കടി വേഷംമാറുന്നവരെയും, വേഷങ്ങൾ കൊണ്ടുനടക്കുന്നവരെയും പാലക്കാട്ടുകാർ തിരിച്ചറിയും: പി. സരിൻ
Thursday, November 7, 2024 11:30 AM IST
പാലക്കാട്: അടിക്കടി വേഷംമാറുന്നവരെയും, വേഷങ്ങൾ കൊണ്ടുനടക്കുന്നവരെയും പാലക്കാട്ടെ ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ഡോ. പി. സരിൻ. പ്രതിക്കൂട്ടിൽ ആരൊക്കെ ഉണ്ടാകുമെന്ന് ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ പാലക്കാട് കാണിച്ചുതരുമെന്നും സത്യം തുറന്നുകാണിക്കാൻ ഏതറ്റം വരെയും പോകുമെന്നും സരിൻ കൂട്ടിച്ചേർത്തു.
പാലക്കാട് കോട്ടമൈതാനത്ത് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ. പി. സരിൻ. അന്വേഷണം ഒരു വ്യക്തിയിലേക്ക് ചുരുങ്ങരുതെന്നും അങ്ങനെ ചെയ്താൽ രക്ഷപ്പെടുന്നത് മറ്റ് പലരുമാണെന്നും സരിൻ പറഞ്ഞു.
പാലക്കാട്ടെ ജനങ്ങള് ആഗ്രഹിക്കുന്ന കാര്യങ്ങളല്ല ഇപ്പോൾ നടക്കുന്നത്. യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങൾ തകൃതിയാണ്. നിയമവിരുദ്ധമായി നടത്തുന്ന ഇടപാടുകൾ ചർച്ച ചെയ്യുന്ന വിധം ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ രീതി മാറിക്കൊണ്ടിരിക്കുന്നു. ഇത്തരത്തിൽ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നവരെ പുറത്തുകൊണ്ടുവരുമെന്നും സരിൻ മാധ്യമങ്ങളോട് പറഞ്ഞു.
കള്ളപ്പണ വിഷയത്തിൽ സിസിടിവി ദൃശ്യങ്ങളിലെ ട്രോളി ബാഗ് ആയുധമാക്കി രാഷ്ട്രീയ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഡിവൈഎഫ്ഐ പാലക്കാട്ട് പ്രതിഷേധം നടത്തിയത്. 'ചാക്കും ട്രോളിയും വേണ്ട, പാലക്കാടിന് വികസനം വേണം' എന്നാവശ്യപ്പെട്ടായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം.
പാലക്കാട്ടെ പാതിരാ പരിശോധനാ നാടകം ഷാഫി പറമ്പിൽ ആസൂത്രണം ചെയ്തത് ആണോ എന്ന് അന്വേഷിക്കണമെന്ന് സരിന് നേരത്തെ ഒരു മാധ്യമത്തോടു പ്രതികരിച്ചിരുന്നു. പരിശോധനയ്ക്ക് അടിസ്ഥാനമായ വിവരം എവിടെ നിന്ന് കിട്ടിയെന്ന് പോലീസ് വ്യക്തമാക്കണം. ബിജെപി സിപിഎം ബന്ധം ആരോപിക്കാൻ ബോധപൂർവം പ്ലാറ്റ്ഫോം ഉണ്ടാക്കിയോ എന്നന്വേഷിക്കണമെന്നും സരിൻ ആവശ്യപ്പെട്ടിരുന്നു.