എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റ് ആകട്ടെ; ട്രംപിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് കമല
Thursday, November 7, 2024 3:00 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച് ഡെമോക്രാറ്റിക്ക് സ്ഥാനാർഥി കമലാ ഹാരിസ്. തെരഞ്ഞെടുപ്പിൽ വിജയിച്ച റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ കമലാ ഹാരിസ് അഭിനന്ദിച്ചു. ഫോണിലൂടെയാണ് കമല ട്രംപിനെ അഭിനന്ദനം അറിയിച്ചത്.
ട്രംപ് എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റ് ആകട്ടെയെന്ന് കമല ആശംസിച്ചു. പ്രചാരണത്തിൽ ഉടനീളം കമല പ്രകടിപ്പിച്ച പ്രഫഷണലിസത്തെയും, സ്ഥിരതയെയും ട്രംപ് പ്രശംസിച്ചു.
റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് വൈറ്റ് ഹൗസിലേക്ക് ചരിത്രപരമായ തിരിച്ചുവരവാണ് ഉണ്ടായത്. 538 അംഗ ഇലക്ടറൽ വോട്ടിൽ ഫലം പുറത്തുവന്നതിൽ 279 നേടിയാണ് ട്രംപ് വിജയം ഉറപ്പിച്ചത്. ഡെമോക്രാറ്റിക് പാർട്ടിയിലെ കമല ഹാരിസായിരുന്നു എതിർസ്ഥാനാർഥി. കമലയ്ക്ക് 223 വോട്ടാണു കിട്ടിയത്. 270 വോട്ടാണു വിജയത്തിനു വേണ്ടത്. അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ ആളാണ് എഴുപത്തിയെട്ടുകാരനായ ട്രംപ്.
132 വർഷത്തിനുശേഷം ആദ്യമായാണ് പ്രസിഡന്റായശേഷം പരാജയപ്പെട്ടയാൾ വീണ്ടും പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. രണ്ടു തവണയും വനിതകളെ പരാജയപ്പെടുത്തി പ്രസിഡന്റായെന്ന റിക്കാർഡും ട്രംപ് സ്വന്തമാക്കി. അമേരിക്കയുടെ നാൽപ്പത്തിയേഴാം പ്രസിഡന്റാകുന്ന ഡോണൾഡ് ട്രംപ് ജനുവരി 20നു സ്ഥാനമേൽക്കും.