പാതിരാ റെയ്ഡിനിടെ അതിക്രമം: 10 പേർക്കെതിരെ കേസ്
Wednesday, November 6, 2024 8:49 PM IST
പാലക്കാട്: കെപിഎം ഹോട്ടലിൽ പോലീസിന്റെ റെയ്ഡിനിടെ അതിക്രമിച്ച് കയറി നാശനഷ്ടം ഉണ്ടാക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തവർക്കെതിരെ കേസെടുത്തു. 10 പേർക്കെതിരെയാണ് കേസെടുത്തത്. ഹോട്ടലിന്റ പരാതിയിലാണ് സൗത്ത് പോലീസ് കേസെടുത്തിരിക്കുന്നത്.
കണ്ടാലറിയാവുന്ന 10 പേർക്കെതിരെയാണ് കേസെടുത്തത്. ചൊവ്വാഴ്ച രാത്രിയാണ് റെയ്ഡ് നടന്നത്. കോൺഗ്രസ് വനിതാ നേതാക്കളുൾപ്പെടെ താമസിക്കുന്ന ഹോട്ടലിലായിരുന്നു റെയ്ഡ്. കള്ളപ്പണം കണ്ടെത്താനായിരുന്നു പരിശോധനയെന്ന് പോലീസ് അറിയിച്ചു.
അതിനിടെ, കോൺഗ്രസ് നേതാക്കൾ ഹോട്ടലിൽ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണം ബലപ്പെടുത്താൻ ദൃശ്യങ്ങളുമായി സിപിഎം രംഗത്തെത്തി. കെപിഎം ഹോട്ടലിലെ ചൊവ്വാഴ്ചത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടുകയായിരുന്നു സിപിഎം. നീല ട്രോളി ബാഗുമായി കെഎസ്യു നേതാവ് ഫെനി നടന്നുപോവുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
എംപിമാരായ ഷാഫി പറമ്പിൽ, ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല എന്നിവർ കെപിഎം ഹോട്ടലിലേക്ക് കയറുന്നതുൾപ്പെടെ ദൃശ്യങ്ങളിലുണ്ട്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് സിപിഎം നേരത്തെ പറഞ്ഞിരുന്നു.