300 കിലോ ഏലക്ക മോഷ്ടിച്ച കേസ്: ഒരാൾ പിടിയിൽ
Wednesday, November 6, 2024 7:19 PM IST
ഇടുക്കി: കട്ടപ്പനയിൽ 300 കിലോഗ്രാം ഏലക്ക മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ. പാറക്കടവിലുള്ള കെജീസ് എസ്റ്റേറ്റിൽ നിന്നാണ് ഏലക്ക മോഷ്ടിച്ചത്. ശാന്തംപാറ സ്വദേശിയും പുളിയൻമലയിൽ വാടകയ്ക്ക് താമസിക്കുന്നതുമായ എസ്ആർ ഹൗസിൽ സ്റ്റാൻലിയാണ് പിടിയിലായത്.
നാലംഗ സംഘമാണ് മോഷണം നടത്തിയത്. കേസിൽ മൂന്ന് പേർ കൂടി പിടിയിലാകാനുണ്ട്. ഒക്ടോബർ മാസം പതിനഞ്ചിനാണ് നാലംഗ മോഷണം നടന്നത്.
ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന ഏലക്കയാണ് മോഷണം പോയത്. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്ക് ശേഷം സ്റ്റാൻലിയെ കാണാനില്ലെന്ന് വീട്ടുകാർ വണ്ടൻമേട് പോലീസിൽ പരാതി നൽകി.
തുടർന്ന് പൊലീസ് സ്റ്റാൻലിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഏലക്ക കണ്ടെത്തിയത്. ഇതാണ് മോഷണ കേസിൽ വഴിത്തിരിവായത്.
രഹസ്യ വിവരത്തെ തുടർന്ന് വണ്ടൻമേട് ഭാഗത്ത് വച്ച് സ്റ്റാൻലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിലാണ് മോഷണം വിവരം ഇയാൾ പൊലീസിനോട് വ്യക്തമാക്കിയത്. സ്റ്റാൻലിയും പുളിയന്മല സ്വദേശികളായ മറ്റു മൂന്ന് പേരും ചേർന്നാണ് മോഷണം നടത്തിയത്.