രഞ്ജി ട്രോഫി: ഉത്തർപ്രദേശിനെതിരെ കേരളത്തിന് ഭേദപ്പെട്ട തുടക്കം
Wednesday, November 6, 2024 5:55 PM IST
തിരുവനനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനെതിരെ ആദ്യ ഇന്നിംഗ്സിൽ കേരളത്തിന് ഭേദപ്പെട്ട തുടക്കം. ആദ്യ ദിനത്തിലെ കളി നിർത്തുന്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 82 എന്ന നിലയിലാണ് കേരളം.
ബാബ അപരാജിതും, ആദിത്യ സർവതെയുമാണ് ക്രീസിലുള്ളത്. 23 റൺസെടുത്ത വത്സൽ ഗോവിന്ദും 28 റൺസെടുത്ത രോഹൻ കുന്നുമലുമാണ് പുറത്തായത്. ഉത്തർപ്രദേശിന് വേണ്ടി ശിവം മാവിയും ആകിബ് ഖാനും ഓരോ വിക്കറ്റ് വീതം നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഉത്തർപ്രദേശ് 162 റൺസിനു പുറത്തായിരുന്നു. കേരളത്തിനായി അഞ്ചുവിക്കറ്റ് പ്രകടനം കാഴ്ചവച്ച ജലജ് സക്സേനയാണ് ഉത്തർപ്രദേശിനെ കറക്കിവീഴ്ത്തിയത്.
ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ഉത്തര്‍പ്രദേശിനുവേണ്ടി ക്യാപ്റ്റൻ ആര്യൻ ജുയാലും മാധവ് കൗശിക്കും ചേര്‍ന്ന് കരുതലോടെയാണ് ബാറ്റിംഗ് ആരംഭിച്ചത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 29 റൺസ് ചേർത്തു.
എന്നാൽ ആര്യൻ ജുയാലിനെ (23) ബൗള്‍ഡാക്കി ജലജ് സക്സേന കൂട്ടുകെട്ട് പൊളിച്ചു. തൊട്ടുപിന്നാലെ പ്രിയം ഗാര്‍ഗിനെ (ഒന്ന്) കെ.എം. ആസിഫ് വീഴ്ത്തിയതോടെ രണ്ടിന് 30 റൺസെന്ന നിലയിലായി സന്ദർശകർ.
പിന്നീട് ക്രീസിൽ ഒന്നിച്ച മാധവ് കൗശിക്കും നീതീഷ് റാണയും ചേര്‍ന്ന് ഉത്തർപ്രദേശിനെ 50 കടത്തി. എന്നാൽ കൗശിക്കിനെ (13) മുഹമ്മദ് അസറുദ്ദീന്റെ കൈകളിലെത്തിച്ച ജലജ് സക്സേന വീണ്ടും കേരളത്തിന് ബ്രേക്ക്ത്രൂ സമ്മാനിച്ചു. തൊട്ടുപിന്നാലെയെത്തിയ സമീര്‍ റിസ്വിയെ (ഒന്ന്) ബേസില്‍ തമ്പി സ്വന്തം പന്തിൽ പിടികൂടി പുറത്താക്കിയതോടെ ഉത്തര്‍പ്രദേശ് നാലിന് 58 റൺസ് എന്ന നിലയിൽ പ്രതിരോധത്തിലായി.
ഇതോടെ കരുതലോടെ ബാറ്റ് വീശിയ നിതീഷ് റാണ- സിദ്ധാർഥ് യാദവ് സഖ്യം സ്കോർ മുന്നോട്ടു ചലിപ്പിച്ചു. ഇരുവരും 23 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ, ഉച്ചഭക്ഷണത്തിനു തൊട്ടുമുമ്പ് സിദ്ധാർഥ് യാദവിനെ (19) ജലജ് സക്സേന വിക്കറ്റിനു മുന്നിൽ കുടുക്കി. ഉച്ചഭക്ഷണത്തിനു ശേഷം അഞ്ചു റൺസ് മാത്രം കൂട്ടിച്ചേർക്കവേ നിതീഷ് റാണയെയും (25) സക്സേന മടക്കിയതോടെ ആറിന് 86 റൺസെന്ന ദയനീയാവസ്ഥയിലായി സന്ദർശകർ.
തുടർന്ന് സൗരഭ് കുമാറിനെ കൂട്ടുപിടിച്ച് പിയൂഷ് ചൗള രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുവരും ചേർന്ന് സ്കോർ നൂറുകടത്തി. എന്നാൽ 108 റൺസിൽ നില്‍ക്കെ ചൗളയെ (10) പുറത്താക്കി സക്സേന അഞ്ചുവിക്കറ്റ് നേട്ടം ആഘോഷിച്ചു. പിന്നാലെ സ്കോർ 129ൽ സൗരഭ് കുമാറിനെ (19) ബാബ അപരാജിതും ശിവം മാവിയെ (13) ബേസിൽ തമ്പിയും പുറത്താക്കി.
അവസാന വിക്കറ്റിൽ ശിവം ശർമയും (30) ആഖിബ് ഖാനും ചേർന്ന് സ്കോർ 150 കടത്തി. ഒടുവിൽ ശിവം ശർമയെ സൽമാൻ നിസാറിന്റെ കൈകളിലെത്തിച്ച ആദിത്യ സർവാതെ ഉത്തർപ്രദേശിന്റെ വിക്കറ്റ് വീഴ്ച പൂർത്തിയാക്കി. മൂന്നു റൺസുമായി ആഖിബ് ഖാൻ പുറത്താകാതെ നിന്നു.
കേരളത്തിനായി 17 ഓവറിൽ 56 റൺസ് മാത്രം വഴങ്ങിയാണ് ജലജ് സക്സേനയുടെ അഞ്ചുവിക്കറ്റ് നേട്ടം. ബേസിൽ തമ്പി രണ്ടും ആദിത്യ സർവാതെ, കെ.എം. ആസിഫ്, ബാബാ അപരാജിത് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.