സ്വിംഗ് സ്റ്റേറ്റുകളും ഒപ്പംനിന്നു, വിജയമുറപ്പിച്ച് റിപ്പബ്ലിക്കൻ പാർട്ടി; നന്ദിപറഞ്ഞ് ട്രംപ്, പ്രസംഗം ഒഴിവാക്കി കമല
Wednesday, November 6, 2024 1:39 PM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച് ഡോണൾഡ് ട്രംപിന്റെ തേരോട്ടം. 247 ഇലക്ടറല്‍ വോട്ടുകള്‍ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപ് ഇതിനകം നേടിക്കഴിഞ്ഞുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. 210 വോട്ടുകള്‍ മാത്രമാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസിന് നേടാന്‍ കഴിഞ്ഞത്.
538 ഇലക്ടറല്‍ കോളജ് വോട്ടില്‍ 270 വോട്ട് നേടുന്നയാള്‍ വൈറ്റ് ഹൗസിലെത്തും. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 23 സംസ്ഥാനങ്ങള്‍ ട്രംപിനൊപ്പം നില്ക്കുമ്പോൾ 11 സംസ്ഥാനങ്ങള്‍ മാത്രമാണ് കമലയ്ക്കൊപ്പമുള്ളത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ നിര്‍ണായകമായി സ്വാധീനിക്കുന്ന സ്വിംഗ് സ്റ്റേറ്റുകളായ പെന്‍സില്‍വാനിയ, അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, നോര്‍ത്ത് കാരളൈന, വിസ്കോൺസിന്‍ എന്നിവിടങ്ങളിലെല്ലാം ട്രംപാണ് ലീഡ് ചെയ്യുന്നത്. സ്വിംഗ് സ്റ്റേറ്റുകളിൽ നോർത്ത് കാരളൈന മാത്രമാണ് നേരത്തെ ട്രംപിനൊപ്പം നിന്നിട്ടുള്ളത്. എന്നാൽ ഇത്തവണ ഏഴും ട്രംപിനൊപ്പമാണ്.
അതേസമയം, നെബ്രാസ്കയില്‍നിന്ന് ഡെബ് ഫിഷര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ യുഎസ് പാര്‍ലമെന്റിന്റെ സെനറ്റിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടിക്കഴിഞ്ഞു.
വിജയമുറപ്പിച്ചതിനു പിന്നാലെ ഡോണൾഡ് ട്രംപ് ഫ്ളോറിഡയിൽ അണികളെ അഭിസംബോധന ചെയ്തു. ഔദ്യോഗികമായി വിജയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്വയം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം.
നാം ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്, ഇത് രാജ്യം ഇതുവരെ കാണാത്ത രാഷ്ട്രീയ വിജയമാണ്. അമേരിക്കയുടെ സുവർണകാലമാണ് വരാനിരിക്കുന്നതെന്നും ജനങ്ങൾക്ക് നന്ദി പറയുന്നുവെന്നും ട്രംപ് പ്രസംഗത്തിൽ അറിയിച്ചു. ഭാര്യ മെലാനിയയ്ക്കും ട്രംപ് നന്ദി പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പുഫലം എന്തുതന്നെയായാലും അണികളെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിരുന്ന കമല ഹാരിസ് തന്റെ ഇലക്ഷന് നൈറ്റ് പ്രസംഗം റദ്ദാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.