നാലുദിവസത്തിനു ശേഷം തലപൊക്കി സ്വർണം; വീണ്ടും 59,000ലേക്ക്
Wednesday, November 6, 2024 10:55 AM IST
കൊച്ചി: നാലുദിവസത്തെ ഇടിവിനു ശേഷം തിരിച്ചുകയറി സ്വര്‍ണവില. ഇന്ന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവന് 58,920 രൂപയിലും ഗ്രാമിന് 7,365 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ദീപാവലി ദിനത്തിൽ പവന് 120 രൂപ ഉയർന്ന് 59,640 രൂപയെന്ന പുത്തൻ ഉയരത്തിലെത്തിയ ശേഷമാണ് വെള്ളിയാഴ്ച സ്വർണവില താഴേക്കുപോയത്. വെള്ളിയാഴ്ച പവന് 560 രൂപയും ശനിയാഴ്ച 120 രൂപയും ചൊവ്വാഴ്ച 120 രൂപയുമാണ് കുറഞ്ഞത്.
മൂന്ന് ദിവസത്തിനിടെ ആയിരത്തിലധികം രൂപ വര്‍ധിച്ച് 60,000ലേക്ക് നീങ്ങിയിരുന്ന സ്വര്ണവിലയാണ് നാലുദിവസത്തിനിടെ 800 രൂപ ഇടിഞ്ഞത്. 21 ദിവസത്തിനിടെ ഏകദേശം 3500 രൂപ വര്‍ധിച്ച ശേഷമായിരുന്നു ഇടിവ്.
ഒക്ടോബർ ആദ്യം 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റിക്കാര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്.
പിന്നീട് ഒക്ടോബര്‍ 16നാണ് വില പവന് 57,000 രൂപ കടന്നത്. ഒക്ടോബര്‍ 19 ന് ഇത് 58,000 രൂപയും കടന്നു. അതിന് ശേഷം 58,000 രൂപയ്ക്ക് താഴോട്ട് പോയിട്ടില്ല. ഒക്ടോബർ 29ന് 59,000 കടന്ന സ്വർണവില വീണ്ടും കുതിച്ചുയരുകയാണുണ്ടായത്.