പോലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തരം, മുറിയിൽ പൂട്ടിയിടണമായിരുന്നു: കെ. സുധാകരന്
Wednesday, November 6, 2024 10:28 AM IST
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ച മുറിയില്‍ പോലീസ് അര്‍ധരാത്രി പരിശോധന നടത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. കള്ളപ്പണം ഉണ്ടാക്കുന്നതും സൂക്ഷിക്കുന്നതും പിണറായി വിജയന്റെ പാര്‍ട്ടിയും കെ. സുരേന്ദ്രന്റെ ബിജെപിയുമാണെന്ന് അദ്ദേഹം ആരോപിച്ചു.
പോലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തരമാണ്. മുറിക്കകത്ത് പോലീസുകാരെ പൂട്ടിയിടണമായിരുന്നു. പാതിരാത്രി വനിതാ നേതാക്കളുടെ മുറിയില്‍ പരിശോധന നടത്തിയതിന് എന്ത് ന്യായീകരണമാണുള്ളതെന്നും ഈ പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്നും സുധാകരന് പറഞ്ഞു.
അനധികൃത പണമില്ലെങ്കില്‍ എന്തിനാണ് റെയ്ഡിനെ എതിര്‍ക്കുന്നതെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്റെ ചോദ്യം ശുദ്ധ അസംബന്ധമാണെന്ന് സുധാകരന് പറഞ്ഞു. നേതാക്കളായാല്‍ സാമാന്യബുദ്ധിയും വിവേകവും വിവരവും വേണം. അതൊന്നുമില്ലാത്ത മരക്കണ്ടം പോലുള്ള രാമകൃഷ്ണനും ആളുകള്‍ക്കും വായില്‍ത്തോന്നിയത് പറയാനുള്ളതല്ല രാഷ്ട്രീയമെന്ന് അദ്ദേഹം വിമർശിച്ചു.
കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ എവിടെയും കള്ളപ്പണവുമായി ബന്ധപ്പെട്ട സംഭവമില്ല. രാത്രിയില്‍ പരിശോധിച്ചിട്ട് കള്ളപ്പണം രണ്ട് ചാക്ക് കൊണ്ടുപോയോ എന്നും സുധാകരന് പരിഹസിച്ചു.
ചൊവ്വാഴ്ച അര്‍ധരാത്രിയാണ് പോലീസ് സംഘം ഹോട്ടലില്‍ പരിശോധനയ്ക്കെത്തിയത്. ഷാനിമോള്‍ ഉസ്മാന്, ബിന്ദു കൃഷ്ണ എന്നീ വനിതാ നേതാക്കളുടെ മുറികളിലും പരിശോധന നടത്തി. എന്നാല്‍ വനിതാ പോലീസ് ഇല്ലാതെ പരിശോധിക്കാനാവില്ലെന്ന് ഷാനിമോള്‍ ഉസ്മാന് നിലപാടെടുത്തു. പോലീസ് പരിശോധനയ്ക്കിടെ സിപിഎം, ബിജെപി നേതാക്കളും പ്രവര്‍ത്തകരും എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. പലതവണ പ്രവര്‍ത്തകര്‍ തമ്മില്‍ കൈയാങ്കളിയുമുണ്ടായി.
സിപിഎം തിരക്കഥയാണിതെന്നും തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കാണിക്കുന്ന നെറികെട്ട രാഷ്ട്രീയക്കളിയാണിതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. പോലീസ് പരിശോധന പ്രത്യേകം ലക്ഷ്യം വച്ചാണെന്നും ഇത് സിപിഎം-ബിജെപി ഒത്തുകളിയുടെ ഭാഗമാണന്നും ഷാഫി പറമ്പില്‍ എംപി ആരോപിച്ചു.
എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനായി ബാഗില്‍ ഹോട്ടലില്‍ പണം എത്തിച്ചെന്നും സിസിടിവി പരിശോധിക്കണമെന്നും സിപിഎം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഒന്നും മറച്ചുവെയ്ക്കാന്‍ ഇല്ലെങ്കില്‍ പോലീസിനെ തടഞ്ഞ് എന്തിനാണ് ഒരു സീനുണ്ടാക്കിയതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം ടി.വി രാജേഷ് ചോദിച്ചു.
അതേസമയം, പോലീസ് പരിശോധനയ്ക്ക് പിന്നാലെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്നും കള്ളപ്പണ ഇടപാട് നടന്നുണ്ടെന്നുമാണ് ബിജെപിയുടെ ആരോപണം. തെരഞ്ഞെടുപ്പിനായി യുഡിഎഫ് വ്യാപകമായി കള്ളപ്പണം ഒഴുക്കിയെന്നും ഇതേക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷിക്കണമെന്നും ബിജെപി പരാതിയില്‍ ആവശ്യപ്പെടുന്നു.