യുവതിയും മക്കളും വെടിയേറ്റു മരിച്ചനിലയില്‍; പ്രതിയായ ഭര്‍ത്താവ് ജീവനൊടുക്കി
Wednesday, November 6, 2024 9:52 AM IST
ലക്നോ: ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ വീട്ടമ്മയേയും മൂന്ന് മക്കളെയും വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. നീതു ഗുപ്ത (43), മക്കളായ നവേന്ദ്ര (25), ഗൗരംഗി(16), സുബേന്ദ്ര (15) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്.
നീതുവിന്റെ ഭര്‍ത്താവ് രാജേന്ദ്ര ഗുപ്തയുടെ മൃതദേഹം പിന്നീട് വീട്ടില്‍ നിന്നും കുറച്ചകലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് കണ്ടെത്തി. ഇയാള്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വാരാണസിയിലെ ഭായിദാനി മേഖലയില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. കുടുംബ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അയല്‍വാസികള്‍ പറയുന്നു. മരിച്ച രാജേന്ദ്ര ഗുപ്ത ഒരു കൊലക്കേസില്‍ പ്രതിയായിരുന്നു. സ്വന്തം അച്ഛനെ കൊലപ്പെടുത്തിയെന്ന് ഉള്‍പ്പെടെയുള്ള പരാതികള്‍ ഇയാള്‍ക്കെതിരെയുണ്ട്. അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.
നീതു രാജേന്ദ്ര ഗുപ്തയുടെ രണ്ടാം ഭാര്യയാണ്. ഒരു വര്‍ഷത്തിലേറെയായി ഇവര്‍ വേറെയാണ് താമസം. ഉറങ്ങിക്കിടക്കുമ്പോഴാണ് അമ്മയ്ക്കും മക്കള്‍ക്കും വെടിയേറ്റതെന്നാണ് സൂചന. ഗുപ്തയ്ക്ക് ചില അന്ധവിശ്വാസങ്ങള്‍ ഉണ്ടായിരുന്നതായി പോലീസിന് സംശയമുണ്ട്. ഭാര്യയും മക്കളും അഭിവൃദ്ധിക്ക് തടസമാണെന്ന മന്ത്രവാദിയുടെ ഉപദേശമനുസരിച്ചാണോ ഇയാൾ കൊലപാതകം നടത്തിയതെന്നും പോലീസ് കരുതുന്നു.
പത്തോളം വീടുകള്‍ രാജേന്ദ്ര ഗുപ്തയ്ക്ക് സ്വന്തമായുണ്ട്. സ്വത്ത് തര്‍ക്കമാണോ കൊലപാതകത്തിന് പിന്നിലെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.