ഒന്നും മറച്ചുവെയ്ക്കാന്‍ ഇല്ലെങ്കില്‍ പോലീസിനെ തടഞ്ഞ് എന്തിനാണ് ഒരു സീനുണ്ടാക്കിയത്: ടി.വി രാജേഷ്
Wednesday, November 6, 2024 9:10 AM IST
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ പരിശോധന നടത്തിയ പോലീസിനെ തടഞ്ഞതില്‍ ദുരൂഹതയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം ടി.വി രാജേഷ്. പരിശോധനയ്ക്കിടെ കോണ്‍ഗ്രസ് നേതാക്കള്‍ ബോധപൂര്‍വം നാടകം കളിക്കുകയായിരുന്നു എന്ന് അദ്ദേഹം ആരോപിച്ചു.
തന്റെ മുറിയിലാണ് ആദ്യം പരിശോധന നടത്തിയത്. അപ്പോള്‍ ആരെയും കണ്ടില്ല. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാവരെയും വിളിച്ചുവരുത്തി സീന്‍ ഉണ്ടാക്കി. അതിന്റെ മറവില്‍ എന്തെങ്കിലും നടന്നോ എന്ന് സംശയമുണ്ടെന്നും രാജേഷ് പറഞ്ഞു.
"രാത്രി 11.30ന് തന്റെ മുറിയില്‍ പോലീസുകാര്‍ എത്തി. മുറി പരിശോധിക്കണമെന്ന് പറഞ്ഞു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ ചില വിവരങ്ങളുണ്ടെന്ന് പറഞ്ഞു. പരിശോധിക്കാന്‍ അനുവദിച്ചു. അത് പൂര്‍ത്തിയാക്കി അവര്‍ പുറത്തിറങ്ങി. വാതില്‍ അടയ്ക്കാന്‍ നോക്കിയപ്പോള്‍ വേറെ ആരും ആ പരിസരത്ത് ഉണ്ടായിരുന്നില്ല. സ്വാഭാവികമായ പരിശോധനയാണെന്നാണ് കരുതിയത്'- രാജേഷ് പറഞ്ഞു.
എന്നാല്‍ പിന്നീട് മറ്റ് മുറികളില്‍ പരിശോധന നടത്തിയപ്പോള്‍ പോലീസിനെ തടയുകയും നേതാക്കളെയും മാധ്യമ പ്രവര്‍ത്തകരെയുമൊക്കെ വിളിച്ചുവരുത്തുകയും നാടകം കളിക്കുകയും ചെയ്തതില്‍ ദുരൂഹതയുണ്ടെന്നാണ് തന്റെ തോന്നലെന്ന് രാജേഷ് വ്യക്തമാക്കി.
ഒരു സീന്‍ ഉണ്ടാക്കി അതിന്റെ മറവില്‍ മറ്റ് വല്ലതും നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒന്നും മറച്ചുവെയ്ക്കാനോ ഒളിച്ചുവെയ്ക്കാനോ ഇല്ലെങ്കില്‍ പോലീസിനെ തടഞ്ഞ് അവിടെ എന്തിനാണ് ഒരു സീനുണ്ടാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഈ റെയ്ഡില്‍ സിപിഎമ്മിന് പങ്കുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും അത് പോലീസാണ് വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പരാതി കൊടുത്തിട്ടുണ്ടോ എന്ന് അറിയില്ല. തെരഞ്ഞെടുപ്പുകളില്‍ പോലീസ് പരിശോധന സാധാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച അര്‍ധരാത്രിയാണ് പോലീസ് സംഘം ഹോട്ടലില്‍ പരിശോധനയ്ക്കെത്തിയത്. പോലീസ് പരിശോധനയ്ക്കിടെ സിപിഎം, ബിജെപി നേതാക്കളും പ്രവര്‍ത്തകരും എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.
വനിതാ പോലീസ് ഇല്ലാതെയാണ് പോലീസ് സംഘം മുറിയിലേക്ക് അതിക്രമിച്ചുകയറിയതെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ ആരോപിച്ചു. സ്ത്രീകളെ പോലീസ് അപമാനിച്ചെന്ന് ഷാനിമോള്‍ ഉസ്മാനും പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലിലെ പോലീസ് പരിശോധന പ്രത്യേകം ലക്ഷ്യം വച്ചാണെന്നും ഇത് സിപിഎം-ബിജെപി ഒത്തുകളിയുടെ ഭാഗമാണന്നും ഷാഫി പറമ്പിൽ എംപി ആരോപിച്ചു.