സംഘികൾക്ക് യോഗിയെക്കാൾ വിശ്വാസം പിണറായി വിജയനെ: കെ.മുരളീധരൻ
Tuesday, November 5, 2024 7:18 PM IST
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. തൃശൂർ ലോക്സഭാ സീറ്റ് പിണറായി വിജയൻ ബിജെപിക്ക് താലത്തിൽ വച്ച് കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
പൂരം കലങ്ങിയില്ലെന്ന് മുഖ്യമന്ത്രി എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്. ആകെ കറുത്ത പുകയും ഭൂമി കുലുങ്ങുന്ന ശബ്ദവുമാണ് ഉണ്ടായത്. ഒരു വർണവും ഉണ്ടായില്ല. എന്നിട്ടും ഒരു നാണവും ഇല്ലാതെ പൂരം കലങ്ങിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
ചേലക്കരയിലെ പരാജയം പിണറായിയുടെ തലയ്ക്കുള്ള അടിയാകും. സുരേഷ് ഗോപി പൂരം സ്ഥലത്ത് കമ്മീഷണർ സിനിമാ മോഡൽ അഭിനയം നടത്തി. സംഘികൾക്ക് യോഗിയെക്കാൾ ഇപ്പോൾ വിശ്വാസം പിണറായി വിജയനെയാണ്.
തൃശൂരിൽ ബിജെപി ജയിച്ച ശേഷം കരുവന്നൂർ ഇല്ല, പിണറായിയുടെ കേസ് ഇല്ല. ജയിപ്പിച്ച് വിട്ട ആൾ തന്നെ തന്തയ്ക്ക് വിളിച്ചു. എന്നിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.