യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി
Tuesday, November 5, 2024 12:17 PM IST
ന്യൂഡല്‍ഹി: യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി. നിയമം റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.
യുപി മദ്രസ വിദ്യാഭ്യാസനിയമം ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് മദ്രസകള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. ഏതെങ്കിലും നിയമനിര്‍മാണത്തില്‍ മതപരമായ കാരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി അത് ഭരണഘടനാവിരുദ്ധമാണെന്ന് പറയാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
മദ്രസ വിദ്യാഭ്യാസത്തെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി 2004ല്‍ മുലായം സിംഗ് സർക്കാരാണ് നിയമം കൊണ്ടുവന്നത്. മദ്രസകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനൊപ്പം നിയമപരമായ പരിരക്ഷയും നല്‍കുന്നതായിരുന്നു നിയമം. മദ്രസകളില്‍ അറബിക്, ഉറുദു, പേര്‍ഷ്യന്‍ തുടങ്ങിയ ഭാഷകളും ഇസ്ലാമിക പഠനങ്ങളും പാരമ്പര്യ വൈദ്യവും തത്വശാസ്ത്രവും പഠിപ്പിക്കാമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരുന്നു.
ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നാണ് 2024 ഏപ്രിലില്‍ അലഹബാദ് ഹൈക്കോടതി വിധിച്ചത്. മതവിദ്യാഭ്യാസം നല്‍കുന്നതിന് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നത് മതനിരപേക്ഷതയ്ക്ക് എതിരാണെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ കണ്ടെത്തല്‍.