സന്ദീപ് സഹോദരൻ, ഒരു മിനിറ്റ് ഒരുമിച്ച് കണ്ടാല്‍ പരിഹരിക്കാവുന്ന പ്രശ്നങ്ങളേ ഉള്ളൂ: സി. കൃഷ്ണകുമാർ
Tuesday, November 5, 2024 11:52 AM IST
പാലക്കാട്: ബിജെപി നേതാവ് സന്ദീപ് വാര്യരുമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് തങ്ങള്‍ ഒരു മിനിറ്റ് ഒരുമിച്ച് കണ്ടാല്‍ പരിഹരിക്കാവുന്നതേയുള്ളു എന്ന് പാലക്കാട് ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍. സന്ദീപ് വാര്യർ കഴിഞ്ഞദിവസം ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വകാര്യ ചാനലിനു നൽകിയ പ്രതീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്നങ്ങളെല്ലാം പരിഹരിക്കും. കുടുംബങ്ങളില്‍ ഏട്ടനനിയന്മാര് തമ്മില്‍ പ്രശ്നങ്ങളില്ലേ? സന്ദീപ് എനിക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിനുണ്ടായിരുന്ന ആളാണ്. പ്രശ്നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കാവുന്നതേയുള്ളു. കഴിഞ്ഞ ദിവസങ്ങളില്‍ സന്ദീപുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇന്നലെയാണ് ബന്ധപ്പെടാന്‍ സാധിക്കാതിരുന്നത്- അദ്ദേഹം പറഞ്ഞു.
ഒരു ബൂത്ത് പ്രസിഡന്റിനെ പോലും മാറ്റാനുള്ള കരുത്ത് തനിക്കില്ല. പിന്നെയാണ് വലിയ ആളുകളെ മാറ്റുന്നത്. ഇപ്പോഴുണ്ടായ പ്രതിസന്ധി ബിജെപി അതിജീവിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു.
സന്ദീപ് ഉയർത്തിയ വിഷയങ്ങളൊന്നും പാലക്കാട് ബാധിക്കില്ല. വികസന വിഷയം മാത്രമാണ് പാലക്കാട് ചർച്ച. കൽപ്പാത്തിയിൽ ബിജെപിയുടെ വോട്ട് കുറക്കാനായിരുന്നു രണ്ടു മുന്നണികളുടെയും ശ്രമം. അതിനുള്ള തന്ത്രങ്ങളാണ് എൽഡിഎഫും യുഡിഎഫും പയറ്റിയതെന്നും കൃഷ്ണകുമാർ കുറ്റപ്പെടുത്തി.
എന്നാൽ, ബിജെപിക്കായി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ല എന്നത് ഉറച്ച തീരുമാനമെന്നും താൻ ചെയ്തത് തെറ്റാണോ ശരിയാണോ എന്നത് കാലം വിലയിരുത്തട്ടെ എന്നും സന്ദീപ് വാര്യർ പറഞ്ഞു. തന്റെ പരാതികൾ നേരത്തെ കേട്ടിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കെതിരെയാണ് സംസാരിച്ചതെന്നും സന്ദീപ് വാര്യർ പറഞ്ഞു. സിപിഎമ്മില്‍ ചേരാനില്ല. ഇപ്പോള്‍ ബിജെപിയിലാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.