സ്വർണം വീണ്ടും താഴേക്ക്; നാലുദിവസത്തിനിടെ കുറഞ്ഞത് 800 രൂപ
Tuesday, November 5, 2024 10:53 AM IST
കൊച്ചി: സംസ്ഥാനത്ത് രണ്ടുദിവസത്തെ ഇടിവിനും ഒരു ദിവസത്തെ വിശ്രമത്തിനും ശേഷം സ്വര്‍ണവില വീണ്ടും താഴേക്ക്. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 58,840 രൂപയിലും ഗ്രാമിന് 7,355 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 6,065 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 48,520 രൂപയിലുമെത്തി.
ദീപാവലി ദിനത്തിൽ പവന് 120 രൂപ ഉയർന്ന് 59,640 രൂപയെന്ന പുത്തൻ ഉയരത്തിലെത്തിയ ശേഷമാണ് വെള്ളിയാഴ്ച സ്വർണവില താഴേക്കുപോയത്. വെള്ളിയാഴ്ച പവന് 560 രൂപയും ശനിയാഴ്ച 120 രൂപയുമാണ് കുറഞ്ഞത്. മൂന്ന് ദിവസത്തിനിടെ ആയിരത്തിലധികം രൂപ വര്‍ധിച്ച് 60,000ലേക്ക് നീങ്ങിയിരുന്ന സ്വര്ണവിലയാണ് തിരിച്ചിറങ്ങിയത്. 21 ദിവസത്തിനിടെ ഏകദേശം 3500 രൂപ വര്‍ധിച്ച ശേഷമാണ് മൂന്ന് ദിവസം കൊണ്ട് 800 രൂപ താഴ്ന്നത്.
ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 59,000 തൊട്ടത്. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് ചൊവ്വാഴ്ച കൂടിയത്. ബുധനാഴ്ച പവന് 520 രൂപയും ഗ്രാമിന് 65 രൂപയും വർധിച്ചിരുന്നു. തിങ്കളാഴ്ച ഒറ്റയടിക്ക് 360 രൂപ കുറഞ്ഞ ശേഷമാണ് മൂന്നുദിവസം വീണ്ടും കുതിച്ചത്. നാല് ദിവസത്തിനിടെ 2,000 രൂപയുടെ വര്‍ധനയാണ് സ്വര്‍ണ വിപണിയിലുണ്ടായത്.
ഒക്ടോബർ ആദ്യം 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റിക്കാര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്.
പിന്നീട് ഒക്ടോബര്‍ 16നാണ് വില പവന് 57,000 രൂപ കടന്നത്. ഒക്ടോബര്‍ 19 ന് ഇത് 58,000 രൂപയും കടന്നു. അതിന് ശേഷം 58,000 രൂപയ്ക്ക് താഴോട്ട് പോയിട്ടില്ല. ഒക്ടോബർ 29ന് 59,000 കടന്ന സ്വർണവില വീണ്ടും കുതിച്ചുയരുകയാണുണ്ടായത്.
ആഗോളവിപണിയിലെ മുന്നേറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ആഗോള വിപണിയില്‍ ഔണ്‍സിന് 2,800 ഡോളറിലേക്ക് കുതിച്ച സ്വർണവില 2,730 ഡോളറിലെത്തി.
അതേസമയം, വെള്ളിനിരക്കിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 102 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.