മുഡ ഭൂമിയിടപാട് കേസ്; ചോദ്യംചെയ്യലിന് ഹാജരാകാൻ സിദ്ധരാമയ്യയ്ക്ക് ലോകായുക്ത നോട്ടീസ്
Monday, November 4, 2024 7:52 PM IST
ബംഗളൂരു: മുഡ ഭൂമിയിടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ലോകായുക്ത നോട്ടീസ് നൽകി. ബുധനാഴ്ച മൈസുരുവിലെ ലോകായുക്ത ഓഫീസിൽ ഹാജരാകാനാണ് നിർദേശിച്ചിരിക്കുന്നത്.
മൂഡ ഭൂമി ഇടപാട് കേസിൽ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട്ചെയ്യാൻ ഗവർണർ അനുമതി നൽകിയതിന് പിന്നാലെ ലോകായുക്ത കേസെടുത്തിരുന്നു. പിന്നാലെ ഇഡിയും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
നേരത്തെ മുഡ ഭൂമിയിടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണം നേരിടണമെന്ന വിധിക്ക് പിന്നാലെ മൈസൂരു നഗരവികസന സമിതി തലവൻ കെ. മാരി ഗൗഡ രാജിവെച്ചിരുന്നു. തന്നോട് നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യാൻ ഇതുവരെ സിദ്ധരാമയ്യ ആവശ്യപ്പെട്ടിട്ടില്ലെന്നും രാജിക്ക് പിന്നിൽ സമ്മർദമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.