മുനമ്പം പ്രശ്നപരിഹാരത്തിനു സര്‍ക്കാര്‍ ശ്രമം; പ്രതീക്ഷയില്‍ പ്രദേശവാസികള്‍
സിജോ പൈനാടത്ത്
Monday, November 4, 2024 5:24 PM IST
കൊച്ചി: മുനമ്പം-ചെറായി പ്രദേശത്തെ വഖഫ് അവകാശവാദത്തിന്റെ പേരിലുയര്‍ന്ന പ്രതിസന്ധികളില്‍ പരിഹാരത്തിനു സാധ്യത തെളിയുന്നു. വിഷയത്തില്‍ മന്ത്രിതല ചര്‍ച്ചയ്ക്കും നിയമ തടസങ്ങള്‍ നീക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്തതില്‍ പ്രദേശവാസികളും പ്രതീക്ഷയിലാണ്. അടുത്ത 16ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ റവന്യൂ, നിയമ, ന്യൂനപക്ഷ വകുപ്പു മന്ത്രിമാര്‍ പങ്കെടുക്കും.
മന്ത്രിതല യോഗത്തിലേക്കു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മുനമ്പം ഭൂസംരക്ഷണ സമിതിയോടു സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രശ്ന പരിഹാരത്തിനുള്ള നിര്‍ദേശങ്ങളും മുനമ്പം നിവാസികളുടെ ആവശ്യങ്ങളും ഉള്‍പ്പെടുത്തി സര്‍ക്കാരിനു നിവേദനം നല്കുമെന്നു സമിതി നേതാക്കള്‍ അറിയിച്ചു.
മുനമ്പം വിഷയത്തില്‍ കോടതികളില്‍ നിലവിലുള്ള കേസുകള്‍ക്കും വഖഫിന്റേതുള്പ്പടെ മറ്റു നിയമപ്രശ്നങ്ങള്‍ക്കും രമ്യമായ പരിഹാരവും ഒത്തുതീര്‍പ്പിനുമുള്ള ശ്രമങ്ങളാകും സര്‍ക്കാര്‍ നടത്തുക. മുനമ്പത്തെ നിര്‍ദിഷ്ട ഭൂമി വഖഫ് അല്ലെന്നു, വഖഫ് ബോര്‍ഡും സംസ്ഥാന സര്‍ക്കാരും നിലപാടെടുക്കുകയാണു പ്രധാനം. ആ നിലയിലുള്ള ചര്‍ച്ചകളാകും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുകയെന്നാണു മുനമ്പം നിവാസികളുടെ പ്രതീക്ഷ.
വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തില്‍ നിയോഗിച്ച നിസാര്‍ കമ്മിറ്റിയുടെ കണ്ടെത്തലുകളിലെ അപര്യാപ്തതകള്‍ ചൂണ്ടിക്കാട്ടി, പുതിയ പഠന സമിതിയേയോ അന്വേഷണ കമ്മീഷനെയോ നിയോഗിക്കാനുള്ള ആലോചന സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്. മുനമ്പത്തേത്തു വഖഫ് ഭൂമിയല്ലെന്ന നിലപാടിലേക്കെത്താനായാല് പ്രശ്ന പരിഹാരം എളുപ്പമാകും.
മുനമ്പത്തെ 610 കുടുംബങ്ങളാണു വഖഫ് അവകാശവാദത്തിന്റെ പേരില്‍ പ്രതിസന്ധിയിലായിട്ടുള്ളത്. ഇവരുടെ ഭൂമി വഖഫാണെന്ന അവകാശവാദവുമായി ചിലര്‍ കോടതിയെ സമീപിച്ചതും അതിന് അനുകൂലമായുള്ള വഖഫ് ബോര്‍ഡിന്റെ നടപടികളുമാണ് വിഷയം സങ്കീര്‍ണമാക്കിയത്.
കാലങ്ങളായി താമസിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന തങ്ങളുടെ ഭൂമിക്കു വഖഫ് അവകാശവാദത്തിന്റെ പേരില്‍ റവന്യൂ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട സ്ഥിതിയിലാണു മുനമ്പം, ചെറായി നിവാസികള്‍. ഭൂമി വില്‍ക്കാനോ ഈടുവച്ചു വായ്പയെടുക്കാനോ സാധിക്കാത്ത സ്ഥിതി. തങ്ങള്‍ പണം നല്കി വാങ്ങുകയും കൃത്യമായ രജിസ്ട്രേഷന് രേഖകളുള്ളതുമായ ഭൂമിയിലാണ് ക്രയവിക്രയത്തിനുള്ള അവകാശങ്ങള്‍ നിഷേധിക്കുന്നതെന്നു പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രശ്നത്തിനു പരിഹാരം തേടി ഭൂസംരംക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മുനമ്പത്തു നടന്നുവരുന്ന റിലേ നിരാഹാരസമരം 23 ദിവസം പിന്നിട്ടു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വലിയ പിന്തുണയാണു സമരത്തിനു ലഭിക്കുന്നത്.