സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് വർണാഭമായ തുടക്കം; പി.ആര്. ശ്രീജേഷ് ദീപശിഖ തെളിയിച്ചു
Monday, November 4, 2024 5:19 PM IST
കൊച്ചി: ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് വർണാഭമായ തുടക്കം. എറണാകുളം മഹാരാജാസ് കേളജ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഒളുമ്പ്യൻ പി.ആർ. ശ്രീജേഷും വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടിയും ചേർന്ന് ദീപശിഖയിലേക്ക് അഗ്നി പകർന്നു. കായികമേളയുടെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിര്‍വഹിച്ചു.
മേളയോടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടനം നടന് മമ്മൂട്ടി നിര്‍വഹിച്ചു. ഇന്ന് മുതല്‍ 11 വരെയാണു മേള. ഉദ്ഘാടന ദിനമായ ഇന്ന് 14 ജില്ലകളുടെയും മാർച്ച് പാസ്റ്റ് സംഘടിപ്പിച്ചിരുന്നു. മാർച്ച് പാസ്റ്റിനെ മന്ത്രി ശിവൻ കുട്ടി അഭിവാദ്യംചെയ്തു.
മൂവായിരത്തോളം കുട്ടികൾ അണിനിരക്കുന്ന കലാപരിപാടികൾ ഇന്ന് അരങ്ങേറും. ഉദ്ഘാടന ദിനമായ ഇന്ന് മത്സരങ്ങൾ ഒന്നും ഉണ്ടായിരിക്കില്ല. നാളെ മുതൽ ആണ് കായിക മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ഗള്‍ഫ് മേഖലകളില്‍നിന്നും കുട്ടികള്‍ മേളയിൽ പങ്കെടുക്കുന്നുണ്ടെത് ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്. പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ 50 കായികതാരങ്ങളെ ജനപ്രതിനിധികളും സംഘാടകരും ചേര്‍ന്നു സ്വീകരിച്ചിരുന്നു.
11ന് മഹാരാജാസ് ഗ്രൗണ്ടില്‍ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒരാഴ്ച നീളുന്ന കായികമേളയില്‍ 39 ഇനങ്ങളിലായി 24,000 കായിക പ്രതിഭകളാണു മത്സരിക്കുന്നത്. വിദ്യാര്ഥീപങ്കാളിത്തംകൊണ്ട് ലോകത്തിലെതന്നെ ഏറ്റവും വലിയ കായികമാമാങ്കമാണിത്.