കമ്മിൻസ് തുണച്ചു; ഓസ്ട്രേലിയയെ വിറപ്പിച്ച് പാക്കിസ്ഥാൻ കീഴടങ്ങി
Monday, November 4, 2024 5:07 PM IST
മെല്‍ബണ്‍: പാക്കിസ്ഥാനെതിരായ ആദ്യ ഏകദിനത്തിൽ ഓസ്ട്രേലിയ്ക്ക് രണ്ടുവിക്കറ്റ് ജയം. സ്കോർ: പാക്കിസ്ഥാൻ 203 (46.4 ഓവറിൽ) ഓസ്ട്രേലിയ 204/8 (33.3 ഓവറിൽ). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാൻ 203 റൺസിന് എല്ലാവരും പുറത്തായി.
44 റണ്‍സ് നേടിയ നായകൻ മുഹമ്മദ് റിസ്വാൻ ടോപ് സ്കോററായി. 39 പന്തിൽ നാലു സിക്സും ഒരു ഫോറും ഉൾപ്പടെ നസീം ഷാ (40) റൺസ് നേടി. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നു വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസീസ് തുടക്കത്തിലെ തിരിച്ചടി നേരിട്ടു. സ്കോര്‍ ബോര്‍ഡില്‍ 28 റണ്‍സ് മാത്രമുള്ളപ്പോള്‍ മാത്യു ഷോര്‍ട്ട് (ഒന്ന്), ജേക് ഫ്രേസര്‍-മക്ഗുര്‍ക് (16) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് ജോഷ് ഇന്‍ഗ്ലിസ് - സ്റ്റീവ് സ്മിത്ത് സഖ്യം മൂന്നാം വിക്കറ്റിൽ 85 റണ്‍സ് കൂട്ടിചേര്‍ത്തു.
ഇന്‍ഗ്ലിസ് 49 റൺസിലും സ്മിത്ത് 44 റൺസിലും മടങ്ങിയതോടെ ഓസീസ് സമ്മർദ്ദത്തിലായി. പിന്നീട് തുടരെ വിക്കറ്റുകൾ വീണതോടെ ഓസീസ് പരാജയത്തെ മുന്നിൽ കണ്ടു. മാർനസ് ലബുഷെയ്ൻ (16), ആരോൺ ഹാർഡി (10), മാക്സ്വെൽ (പൂജ്യം) എന്നിവർ നിരാശപ്പെടുത്തി. അബോട്ട് 13 റൺസ് എടുത്ത് റണ്ണൗട്ട് ആയതോടെ ഓസ്ട്രേലിയ 185-8 എന്ന നിലയിലേക്കു കൂപ്പുകുത്തി.
എന്നാൽ വാലറ്റത്ത് നായകൻ പാറ്റ് കമ്മിൻസ് ഉറച്ചുനിന്നതോടെ ഓസീസ് അർഹിച്ച വിജയം നേടിയെടുത്തു. കമ്മിൻസ് 32 റൺസുമായി പുറത്താകാതെ നിന്നു. പാക്കിസ്ഥാനായി ഹാരിസ് റൗഫ് മൂന്നും ഷഹീൻ ഷാ അഫ്രീദി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓസീസ് 1-0 മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്ച അഡ്ലെയ്ഡിൽ നടക്കും.