ഭക്ഷണം കഴിക്കാൻ തോന്നിയിടത്ത് നിർത്തരുത്; കെഎസ്ആർടിസിയിൽ പുതിയ പരിഷ്കാരം
പ്രദീപ് ചാത്തന്നൂർ
Monday, November 4, 2024 3:58 PM IST
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ യാത്രക്കാർക്ക് ഭക്ഷണത്തിനായി ഇനി ഓപ്പറേറ്റിംഗ് സ്റ്റാഫിന് ഇഷ്ടമുള്ളിടത്ത് നിർത്തരുത്. ഭക്ഷണത്തിനും ചായയ്ക്കുമായി ജീവനക്കാർ ഇനി കെഎസ്ആർടിസി നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളിൽ മാത്രമേ നിർത്താവൂ.
ഇത്തരത്തിൽ 24 ഇടത്താവളങ്ങളാണ് കേരളത്തിൽ കെഎസ്ആർടിസി മാനേജ്മെന്റ് അംഗീകരിച്ച് നിർദ്ദേശിച്ചിട്ടുള്ളത്. കായംകുളത്തിനടുത്ത് കെടിഡിസിയുടെ ആഹാർ ഹോട്ടലും പട്ടികയിലുണ്ട്. മറ്റ് 23 എണ്ണവും സ്വകാര്യ ഹോട്ടലുകളാണ്.
നിലവിൽ അംഗീകൃതവും അംഗീകാരവുമില്ലാത്ത ഹോട്ടലുകളിലാണ് ജീവനക്കാർ ഇടത്താവളമായി ബസ് നിർത്തിയിരുന്നത്. ഇത്തരം ഹോട്ടലുകളെക്കുറിച്ച് യാത്രക്കാർ പരാതി ഉന്നയിച്ചിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ എസ്റ്റേറ്റ് വിഭാഗം സമഗ്രമായ പഠനം നടത്തുകയും താല്പര്യപത്രം ക്ഷണിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഇടത്താവളങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.
ദീർഘദൂര ബസുകളിൽ ഇടത്താവളങ്ങളുടെ പേരും നിർത്തുന്നസമയവും യാത്രക്കാർക്ക് കാണത്തക്കവിധം എഴുതി വയ്ക്കും. പ്രഭാതഭക്ഷണത്തിന് രാവിലെ 7.30 മുതൽ 9 വരെയും ഉച്ചയൂണിന് 12.30 മുതൽ 2 വരെയും ചായ, ലഘുഭക്ഷണം എന്നിവയ്ക്ക് 4 മുതൽ 6 വരെയും രാത്രി ഭക്ഷണത്തിന് 8 മുതൽ 11 വരെയുമാണ് സമയം നിശ്ചയിച്ചിരിക്കുന്നത്.
അന്തർ സംസ്ഥാനപാതകളിൽ രണ്ടിടത്തും സംസ്ഥാന ഹൈവേകളിൽ മൂന്നിടത്തും മെയിൻ സെൻട്രൽ (എംസി) റോഡിൽ ഏഴിടത്തും ദേശീയപാതയിൽ 12 ഇടത്തുമാണ് ഇടത്താവളങ്ങൾ. കെഎസ്ആർടിസി ഡിപ്പോകളിലെ കാന്റീനുകൾ നിലവിലെ പോലെ പ്രവർത്തിക്കും. ഈ ഇടത്താവളങ്ങളിൽ മാത്രമാണ് ദീർഘദൂര ബസുകൾ നിർത്തുന്നതെന്ന് ഉറപ്പാക്കാനും യൂണിറ്റ് അധികൃതർക്ക് നിർദ്ദേശമുണ്ട്.
ഹോട്ടലുകളും സ്ഥലവും
1. ലേ അറേബ്യ കുറ്റിവട്ടം, കരുനാഗപ്പള്ളി
2. പന്തോറ വവ്വാക്കാവ്, കരുനാഗപ്പള്ളി
3. ആദിത്യ ഹോട്ടല്‍ നങ്ങ്യാര്‍കുളങ്ങര, കായംകുളം
4. അവീസ് പുട്ട് ഹൗസ് പുന്നപ്ര, ആലപ്പുഴ
5. റോയല്‍ 66 കരുവാറ്റ, ഹരിപ്പാട്
6. ഇസ്താംബുള്‍ തിരുവമ്പാടി, ആലപ്പുഴ
7. ആര്‍ആര്‍ മതിലകം എറണാകുളം
8. റോയല്‍ സിറ്റി മാനൂര്‍, എടപ്പാള്‍
9. ഖൈമ റെസ്റ്റോറന്റ് തലപ്പാറ, തിരൂരങ്ങാടി
10. ഏകം നാട്ടുകാല്‍, പാലക്കാട്
11. ലേസാഫയര്‍ സുല്‍ത്താന്‍ബത്തേരി
12. ക്ലാസിക്കോ താന്നിപ്പുഴ, അങ്കമാലി
13. കേരള ഫുഡ് കോര്‍ട്ട് കാലടി, അങ്കമാലി
14. പുലരി കൂത്താട്ടുകുളം
15. ശ്രീ ആനന്ദഭവന് കോട്ടയം
16. അമ്മ വീട് വയയ്ക്കല്‍, കൊട്ടാരക്കര
17. ശരവണഭവന് പേരാമ്പ്ര, ചാലക്കുടി
18. ആനന്ദ്ഭവന് പാലപ്പുഴ, മൂവാറ്റുപുഴ
19. ഹോട്ടല്‍ പൂര്‍ണപ്രകാശ് കൊട്ടാരക്കര
20. മലബാര്‍ വൈറ്റ് ഹൗസ് ഇരട്ടക്കുളം, തൃശൂര്‍-പാലക്കാട് റൂട്ട്
21. കെടിഡിസി ആഹാര്‍ ഓച്ചിറ, കായംകുളം
22. എടി ഹോട്ടല്‍ കൊടുങ്ങല്ലൂര്‍
23. ലഞ്ചിയന്‍ ഹോട്ടല്‍, അടിവാരം, കോഴിക്കോട്
24. ഹോട്ടല്‍ നടുവത്ത്, മേപ്പാടി, മാനന്തവാടി