നിർണായക പരമ്പരയ്ക്കൊരുങ്ങി ടീം ഇന്ത്യ; രണ്ട് താരങ്ങള്‍ നേരത്തെ തന്നെ ഓസ്ട്രേലിയയിലേക്ക്
Monday, November 4, 2024 3:56 PM IST
ന്യൂഡൽഹി: ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരക്കായി ഇന്ത്യൻ താരങ്ങളായ കെ.എൽ. രാഹുലും ധ്രുവ് ജുറെലും വളരെ നേരത്തെ തന്നെ യാത്ര തിരിക്കും. കൂടുതല്‍ പരിശീലനം നേടുന്നതിന്റെ ഭാഗമായി ഇരുവരും ഇന്ത്യയുടെ എ ടീമിനൊപ്പം ചേരും. ഓസ്ട്രേലിയ-എയ്ക്കെതിരായ അവസാന ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റില്‍ ഇരുവരും കളിച്ചേക്കും.
ബംഗളൂരുവില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിൽ രാഹുല്‍ കളിച്ചെങ്കിലും കാര്യമായ പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. പിന്നീട് രാഹുലിനെ ഒഴിവാക്കുകയും, മധ്യനിരയിലേക്കായി സർഫറാസ് ഖാനെ ഉൾപ്പെടുത്തുകയുമാണ് ചെയ്തത്. അതേസമയം, റിസർവ് ബഞ്ചിലായിരുന്ന ജുറെൽ, ഋഷഭ് പന്തിന്റെ കാല്‍മുട്ടിന് പരിക്കേറ്റപ്പോള്‍ പകരക്കാരനായി മാത്രമാണ് കളത്തിലിറങ്ങിയത്.
വേണ്ട രീതിയിൽ മത്സര സമയം ഇരുതാരങ്ങൾക്കും ലഭിക്കാത്ത സാഹചര്യത്തിലാണ് നേരത്തെ തന്നെ ഇവരെ ഓസ്ട്രേലിയൻ പര്യടനത്തിനായി അയക്കാൻ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. ഇരുതാരങ്ങളും ചൊവ്വാഴ്ച തന്നെ ഓസ്ട്രേലിയയിൽ എത്തുമെന്നാണ് വിവരം. രണ്ട് ബാച്ചുകളിലായാണ് ഇന്ത്യന്‍ ടീം ഓസ്ട്രേലിയയിലേക്ക് പറക്കുന്നത്.
ന്യൂസിലൻഡിനെതിരേ നാട്ടിൽ ടെസ്റ്റ് പരമ്പര അടിയറ വച്ചതിനു ശേഷമാണ് ഓസ്ട്രേലിയൻ പര്യടനത്തിനായി ഇന്ത്യ ഒരുങ്ങുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തണമെങ്കിൽ ഇന്ത്യയ്ക്ക് പരമ്പരയിൽ നാലു വിജയങ്ങൾ ആവശ്യമാണ്.
ഈമാസം 22ന് പെര്‍ത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റ്. ഡിസംബര്‍ ആറ് മുതല്‍ രണ്ടാം ടെസ്റ്റ് അഡ്ലെയ്ഡില് നടക്കും. ഡിസംബര്‍ 14 മുതല്‍ ബ്രിസ്ബേനില്‍ മൂന്നാം ടെസ്റ്റും 26ന് മെല്‍ബണില്‍ നാലാം ടെസ്റ്റും ജനുവരി മൂന്നിന് സിഡ്നിയില്‍ അഞ്ചാം ടെസ്റ്റും നടക്കും.