തെരഞ്ഞെടുപ്പ് തീയതി മാറ്റിയതിന്റെ ക്രെഡിറ്റ് വേണ്ട; വിശ്വാസികൾക്ക് ആശ്വാസം കിട്ടിയല്ലോയെന്ന് സിപിഎം
Monday, November 4, 2024 2:58 PM IST
പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റുന്നതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഎം കത്ത് നൽകിയിരുന്നുവെന്ന് പാർട്ടി ജില്ലാ സെക്രട്ടറി സുരേഷ് ബാബു. തെരഞ്ഞെടുപ്പ് തീയതി മാറ്റിയതിന്റെ ക്രെഡിറ്റ് തങ്ങൾക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
തീയതി മാറ്റിയതോടെ കൽപാത്തി രഥോത്സവത്തിൽ പങ്കെടുക്കുന്ന വിശ്വസികൾക്ക് ആശ്വാസം കിട്ടിയല്ലോ. ഇക്കാര്യത്തിൽ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് നേരത്തെ അറിയാമല്ലോ അന്നാണ് കൽപാത്തി രഥോത്സവം നടക്കുന്നതെന്ന്. അന്ന് എന്തുകൊണ്ടാണ് ബിജെപി ഇടപെടാതിരുന്നത്. എന്തെങ്കിലും നടന്നാൽ എട്ടുകാലിമാമൂഞ്ഞിനെ പോലെ ഞാനാണ് ഞാനാണെന്ന് പറയുന്ന സ്വഭാവം ചില പാർട്ടികൾക്ക് ഉണ്ട്. എന്നാൽ തങ്ങൾക്ക് ആ സ്വഭാവം ഇല്ലെന്നും സുരേഷ് ബാബു പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് വോട്ടെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിയിരുന്നു. 13ന് നടത്താനിരുന്ന വോട്ടെടുപ്പ് 20ലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിവച്ചത്. കൽപാത്തി രഥോത്സവം കണക്കിലെടുത്താണ് തീയതി മാറ്റിയത്.