കൊടകര കുഴൽപ്പണ കേസ്; തുടരന്വേഷണത്തിന് നിയമോപദേശം
Monday, November 4, 2024 2:37 PM IST
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരേ ഉയർന്ന കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണവുമായി മുന്നോട്ടു പോകാമെന്ന് നിയമോപദേശം. കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി വി. കെ രാജു ഡയറക്ടർ ജനററൽ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തി.
ഹൈക്കോടതിയിലെ ഡിജിപിയുടെ ഓഫീസിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്. പുനരന്വേഷണം വരുമെങ്കിൽ എല്ലാ കാര്യങ്ങളും പറയുമെന്ന് പുതിയ വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീഷ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
കുഴല്‍പ്പണമായെത്തിയതു ബിജെപിയുടെ തെരഞ്ഞെടുപ്പു ഫണ്ടാണെന്നും ധർമരാജൻ എന്നയാൾ ചാക്കിൽ കെട്ടിയാണു പണം കൊണ്ടുവന്നതെന്നുമാണ് സതീഷ് കഴിഞ്ഞദിവസം പറഞ്ഞത്.
ചാക്കുകെട്ടുകൾ ഓഫീസിൽ വച്ചുവെന്നും ജില്ലാ ഓഫീസിന്റെ നിർദേശപ്രകാരമാണ് എല്ലാം ചെയ്തതെന്നും അക്കാലത്തെ ബിജെപി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷ് വ്യക്തമാക്കിയിരുന്നു.
വയനാട് പാർലമെന്റ് മണ്ഡലത്തിലെയും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പുകളുടെ പ്രചാരണ പ്രവർത്തനങ്ങൾ മൂർധന്യാവസ്ഥയിലായ സമയത്താണ് കൊടകര കുഴൽപ്പണക്കേസിൽ പുതിയ നീക്കവുമായി പോലീസ് മുന്നോട്ടു പോകുന്നത്.
അതേസമയം, കേസിൽ തുടരന്വേഷണം നടത്താനുള്ള സംസ്ഥാന സർക്കാർ നീക്കം ബിജെപി-സിപിഎം കൂട്ടുകെട്ടിൽ നിന്നു ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം.