സന്ദീപിനെതിരേ നടപടിയുണ്ടാകുമോ ? സൂചന നൽകി സുരേന്ദ്രൻ
വെബ് ഡെസ്ക്
Monday, November 4, 2024 1:21 PM IST
പാലക്കാട്: നിർണായകമായ പാലക്കാട് ഉപതെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കേ സംസ്ഥാന ബിജെപി കൂടുതൽ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റോടെയാണ് ബിജെപി സംസ്ഥാന നേതൃത്വം കടുത്ത സമ്മർദ്ദത്തിലായത്.
നേതൃത്വത്തെയും പാലക്കാട്ടെ സ്ഥാനാർഥി സി.കൃഷ്ണകുമാറിനെയും ലക്ഷ്യംവച്ച് സന്ദീപ് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് വലിയ ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്. സന്ദീപിന്റെ പോസ്റ്റ് കണ്ടിട്ടില്ലെന്നും പരിശോധിച്ച് വീണ്ടും മാധ്യമങ്ങളെ കാണേണ്ട സാഹചര്യമുണ്ടെങ്കിൽ കാണുമെന്നും സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചു.
പ്രധാനപ്പെട്ട ഒരു തെരഞ്ഞെടുപ്പ് കാലത്ത് നേതൃത്വത്തിലുള്ള ഒരാൾ പാലിക്കേണ്ട മര്യാദ ഫേസ്ബുക്കിൽ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നാണ് സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കിയത്. സുരേന്ദ്രന്റെ വാക്കുകൾ സന്ദീപിനെതിരേ നടപടിയുണ്ടാകുമെന്ന നിലയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
അതിനിടെ സന്ദീപിന്റെ പ്രതികരണത്തിന് പിന്നാലെ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ ബിജെപി നേതൃത്വം അടിയന്തരയോഗം ചേരുകയാണ്. കെ.സുരേന്ദ്രനും പാലക്കാട്ടുള്ള മറ്റ് നേതാക്കളും യോഗത്തിനുണ്ട്. സ്ഥാനാർഥി സി.കൃഷ്ണകുമാറും യോഗത്തിനെത്തിയിട്ടുണ്ട്.
സന്ദീപിന്റെ പരസ്യ പ്രതികരണം കടുത്ത അച്ചടക്ക ലംഘനമായി പാർട്ടി വിലയിരുത്താൻ സാധ്യത ഏറെയാണ്. അങ്ങനെ വന്നാൽ ഇന്ന് തന്നെ നേതൃത്വം നടപടിയിലേക്ക് കടക്കാനും തീരുമാനമുണ്ടായേക്കും.
ബിജെപി ഏറെ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് പാലക്കാട്. അവിടെ പാർട്ടിയുടെ സാധ്യതകൾക്ക് കനത്ത പ്രഹരമേൽപ്പിക്കുന്ന പ്രതികരണമാണ് സന്ദീപ് നടത്തിയതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. അതിനാൽ ഇനി സന്ദീപുമായി അനുനയശ്രമങ്ങൾക്കും സാധ്യത അടഞ്ഞിരിക്കുകയാണ്.