മുനന്പം സങ്കീർണമായ പ്രശ്നമല്ലെന്ന് വി.ഡി. സതീശൻ
Monday, November 4, 2024 12:17 PM IST
തിരുവനന്തപുരം: മുനന്പത്തേത് സങ്കീർണമായ പ്രശ്നമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരിനു ഏറ്റവും വേഗത്തിൽ പരിഹരിക്കാൻ കഴിയുന്ന വിഷയമാണ്. കാരണം ഈ സർക്കാർ ഉണ്ടാക്കിയ വിഷയമാണിത്. സർക്കാർ ഒളിച്ചുകളിക്കാതെ തീരുമാനം എടുക്കണമെന്നും സതീശൻ പറഞ്ഞു.
വിഷയത്തിൽ സർവകക്ഷി യോഗം വിളിച്ചു ചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോൾ വ്യാപകമായ ഒരു വർഗീയ പ്രചരണം നടക്കുന്നത് 1995-ൽ ഉണ്ടാക്കിയ വഖഫ് ആക്ട് കാരണമാണ് ഇവരുടെ ഭൂമി പ്രശ്നമെന്ന്. ആക്ട് ഉണ്ടാക്കി 26 വർഷം ഇവർക്ക് യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. 2021ൽ ഈ സർക്കാരുണ്ടാക്കിയ വഖഫ് ബോർഡ് നികുതി സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചതോടെയാണ് പ്രശ്നം ഉടലെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് കോടതിയിൽ കൊടുത്ത കേസ് പിൻവലിക്കണം. സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുക്കണം. ഇതിനു പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതിൽ യാതൊരു സങ്കീർണതയും ഇല്ല. കോടതിക്കു പുറത്ത് സെറ്റിൽമെന്റ് ഉണ്ടാക്കുക. എന്നിട്ട് കോടതിയെ അറിയിക്കുക. ഭൂമി കൊടുക്കുന്നതിൽ ആർക്കും പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊടകര കുഴപ്പണക്കേസിൽ ബിജെപിയിൽ വലിയ കലാപം നടക്കുകയാണ്. സർക്കാർ ഇതിൽ ഒത്തുകളിക്കുകയാണ്. വിഷയത്തിൽ സർക്കാർ ഒരു സമ്മർദവും കേന്ദ്രത്തിൽ ചെലുത്തിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്രയും പണം കൊണ്ടുവന്ന് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചിട്ടും കേസെടുക്കാൻ സർക്കാർ തയാറായില്ല. കുഴൽപ്പണ കേസിൽ സർക്കാർ മൗനത്തിലാണ്. ചായ കോപ്പയിലെ കൊടുങ്കാറ്റാണെന്നാണ് കെ. സുരേന്ദ്രൻ ഇതുസംബന്ധിച്ച് പറഞ്ഞത്. ചായ കോപ്പയിലെ കൊടുങ്കാറ്റല്ല, ഇത് ചാക്കും കെട്ടിലെ കറൻസിയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.