ഷാഫിയും രാഹുലും നിഷ്കളങ്കരായ കുട്ടികൾ, കാര്യമാക്കേണ്ടതില്ല: ഹസ്തദാന വിവാദത്തിൽ സതീശൻ
Monday, November 4, 2024 11:59 AM IST
പാലക്കാട്: പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും ഹസ്തദാനം നിരസിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
ഷാഫിയും രാഹുലും നിഷ്കളങ്കരായ കുട്ടികളാണ്. കൂടെ നിന്ന് ചതിച്ചു പോയ ആളെ കണ്ടപ്പോൾ അവർക്ക് വികാരമുണ്ടായതാണെന്നും അത് കാര്യമാക്കേണ്ടതില്ലെന്നും സതീശൻ മാധ്യമങ്ങളോടു പ്രതികരിച്ചു.
അതേസമയം, സതീശനു മറുപടിയുമായി പി. സരിനും രംഗത്തെത്തി. പ്രതിപക്ഷ നേതാവാണ് ഏറ്റവും വലിയ നിഷ്കളങ്കൻ എന്ന് ഫലം വരുമ്പോൾ ബോധ്യമാകുമെന്നു സരിന് പരിഹസിച്ചു. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ഹസ്തദാനം ചെയ്യാത്തതിൽ വലിയ വിഷമമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൈ വേണ്ട എന്നുപറഞ്ഞു പോയവർക്ക് ഇനി കൈ തരില്ലെന്നാണ് വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. പാലക്കാടിന് കൈ കൊടുത്തിട്ടുണ്ട്. അതിനപ്പുറം ഒരു കൈയും തനിക്ക് വേണ്ട. ജനങ്ങളെ ബാധിക്കുന്ന ഗൗരവമുള്ള വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും ജനങ്ങൾക്ക് എല്ലാം മനസിലാകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോടു പ്രതികരിച്ചു.
ഞായറാഴ്ചയാണ് വിവാദത്തിനാസ്പദമായ സംഭവം നടന്നത്. പാലക്കാട്ടെ ഒരു കല്യാണ വീട്ടിൽ വോട്ട് തേടിയെത്തിയ പി. സരിന്റെ ഹസ്തദാനം രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും നിരസിക്കുകയായിരുന്നു. നിരവധി തവണ രാഹുലിനെയും ഷാഫിയെയും സരിന് വിളിച്ചെങ്കിലും തിരിഞ്ഞുനോക്കാതെ ഇരുവരും നടന്നുപോകുകയായിരുന്നു.