മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ കൂടി യെല്ലോ അലർട്ട്
Sunday, November 3, 2024 6:33 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴ തുടരുന്നതിനാൽ എറണാകുളത്തും കണ്ണൂരിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.
വയനാട്ടിൽ ഉച്ചയ്ക്കുശേഷം വിവിധ ഇടങ്ങളിൽ മഴ ശക്തമായതോടെ ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ തെക്കൻ കേരളത്തിന് സമീപം ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിനാൽ മഴ കനക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
നവംബർ അഞ്ചോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെടാനും സാധ്യതയുണ്ട്. അതിനാൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.