പോലീസ് മെഡലിലെ അക്ഷര തെറ്റിൽ അന്വേഷണം ആരംഭിച്ചു
Sunday, November 3, 2024 4:16 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പോലീസ് മെഡലിലെ വീഴ്ചയെ കുറിച്ച് അന്വേഷണം. പോലീസ് ആസ്ഥാനത്തെ ഡിഐജി സതീഷ് ബിനോയാണ് അന്വേഷിക്കുന്നത്. തിരുവനന്തപുരത്തെ ഭഗവതി ഏജൻസിയാണ് മെഡലുകൾ തയാറാക്കിയത്.
നവംബർ ഒന്നിന് വിശിഷ്ട സേവനത്തിനു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ മെഡലുകളിലാണ് ഗുരുതരമായ പിഴവുകൾ കണ്ടെത്തിയിരുന്നത്.
മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ എന്നതിന് പകരം ‘മുഖ്യമന്ത്രയുടെ പോലസ്' എന്നാണ് വിതരണം ചെയ്ത മെഡലിൽ ആലേഖനം ചെയ്തിരുന്നത്. പകുതിയോളം പേർക്കും ലഭിച്ചത് അക്ഷരതെറ്റുകൾ ഉണ്ടായിരുന്ന മെഡലുകൾ ആയിരുന്നു.
ഒക്ടോബർ 23നായിരുന്നു മെഡൽ തയാറാക്കാൻ ഏജൻസിക്ക് ഓർഡർ നൽകിയത്. ഒക്ടോബർ 29 നാണ് ഭഗവതി ഏജൻസി മെഡലുകള്‍ കൈമാറിയത്.
സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവി ഇടപെട്ടു. അക്ഷരത്തെറ്റ് വന്ന മെഡലുകൾ ഉടൻ തിരികെ വാങ്ങി പകരം മെഡലുകൾ നൽകാൻ ടെൻഡർ എടുത്ത സ്ഥാപനത്തിന് ഡിജിപി നിർദേശം നൽകി.