സുരക്ഷ ഉറപ്പാക്കിയില്ല; ഷൊർണൂർ അപകടത്തിൽ കരാറുകാരനെതിരേ ക്രിമിനൽ കേസ്
Sunday, November 3, 2024 8:40 AM IST
പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടി ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവത്തിൽ കരാറുകാരനെതിരെ ക്രിമിനൽ കേസെടുത്തു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇയാളുടെ കരാർ റദ്ദാക്കിയതായും റെയിൽവേ വാർത്താകുറിപ്പിൽ അറിയിച്ചു. കരാറുകാരൻ റെയിൽവേ പാലത്തിന് മുമ്പുള്ള സ്ഥലം വൃത്തിയാക്കാനാണ് കരാർ നൽകിയിരുന്നത്. ജോലി കഴിഞ്ഞ് 10 തൊഴിലാളികൾ സ്റ്റേഷനിലേക്ക് പോകാൻ റെയിൽവേ പാലം ഉപയോഗിക്കുകയായിരുന്നു. ഈ പാലത്തിൽ വേഗ നിയന്ത്രണമില്ലെന്നും റെയിൽവേ വാർത്താകുറിപ്പിൽ അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരം മൂന്നോടെയാണ് അപകടം. കരാർ തൊഴിലാളികളായ മൂന്നുപേരാണ് ട്രെയിനിടിച്ച് മരിച്ചത്. ഒരാൾ ഭാരതപ്പുഴയിലേക്ക് വീഴുകയും ചെയ്തു. ഇയാൾക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട്.