അജിത് കുമാർ ആരംഭിച്ച സമാന്തര ഇന്റലിജൻസ് പിരിച്ചുവിട്ടു; നടപടി മനോജ് എബ്രഹാമിന്റേത്
Sunday, November 3, 2024 6:50 AM IST
എഡിജിപി എം.ആര്. അജിത്കുമാര്‍ പോലീസിൽ തുടങ്ങിയ സമാന്തര ഇന്റലിജന്‍സ് സംവിധാനം മറ്റൊരു എഡിജിപിയായ മനോജ് എബ്രഹാം പിരിച്ചുവിട്ടു.
അജിത്കുമാർ ക്രമസമാധാന ചുമതല വഹിക്കുന്ന സമയത്താണ് സമാന്തര ഇന്റലിജന്‍സ് സംവിധാനം തുടങ്ങിയിരുന്നത്. ഡിജിപി അറിയാതെയാണ് ഇത്തരമൊരു സംവിധാനം ആരംഭിച്ചതെന്ന റിപ്പോർട്ടും വിവാദമായിരുന്നു.
സംസ്ഥാനത്ത് സ്പെഷ്യല്‍ ബ്രാഞ്ചും ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചും നിലവിലുള്ളപ്പോഴാണ് വിവരങ്ങള്‍ തനിക്ക് മാത്രം റിപ്പോര്‍ട്ട് ചെയ്യാന്‍ 20 ഇടങ്ങളിലായി അജിത്കുമാര്‍ 40 നോഡല്‍ ഓഫീസര്‍മാരടങ്ങിയ സമാന്തര ഇന്റലിജന്‍സ് സംവിധാനം രൂപവത്കരിച്ചത്.
40 പേരില്‍ 10 പേര് എസ്ഐമാരും അഞ്ചുപേര്‍ എഎസ്ഐമാരും ബാക്കിയുള്ളവർ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരുമായിരുന്നു. ഇവരോടെ മാതൃയൂണിറ്റിലേക്ക് മടങ്ങാനും നിർദേശം നൽകിയിട്ടുണ്ട്.
ജില്ലാ കമാന്‍ഡ് സെന്ററുകളില്‍ നിന്ന് വിവരങ്ങള്‍ എഡിജിപിയുടെ കണ്ട്രോള് റൂമില്‍ അറിയിക്കുന്ന വിധത്തിലായിരുന്നു സംവിധാനം. സര്‍ക്കാരിന്റെ രാഷ്ട്രീയ എതിരാളികളെയും ചില പോലീസ് ഉദ്യോഗസ്ഥരെയും രഹസ്യമായി നിരീക്ഷിക്കാനാണ് ഈ സംവിധാനം കൊണ്ടുവന്നതെന്നും ആരോപണമുയര്‍ന്നിരുന്നു.