ഷൊര്‍ണൂർ ട്രെയിൻ അപകടം; തെരച്ചിൽ താത്കാലികമായി നിർത്തി
Saturday, November 2, 2024 8:40 PM IST
പാലക്കാട്: ഷൊര്‍ണൂരിൽ മൂന്ന് ശുചീകരണ തൊഴിലാളികള്‍ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ കാണാതായ ഒരാള്‍ക്കായുള്ള തെരച്ചിൽ താത്കാലികമായി നിർത്തി. ട്രെയിൻ തട്ടി ഭാരതപുഴയിൽ വീണുവെന്ന് സംശയിക്കപ്പെടുന്ന സേലം സ്വദേശിയായ ലക്ഷ്മണൻ (48) നെ കണ്ടെത്തുന്നതിനായി ഞായറാഴ്ച തെരച്ചിൽ പുനരാരംഭിക്കും.
ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം കൊച്ചിൻ റെയിൽവേ മേൽപ്പാലത്തിൽ ശനിയാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു അപകടം. റെയിൽവേ കരാർ തൊഴിലാളികളും സേലം അയോധ്യപട്ടണം സ്വദേശികളുമായ ലക്ഷ്മണൻ (60), ഭാര്യ വള്ളി (55), അയോധ്യപട്ടണം സ്വദേശിയായ റാണി (45) എന്നിവരാണ് മരിച്ചത്.
റാണിയുടെ ഭര്‍ത്താവ് ലക്ഷ്മണൻ (48)നെയാണ് കണ്ടെത്താനുള്ളത്. ലക്ഷ്മണനുവേണ്ടിയാണ് പുഴയിൽ തെരച്ചിൽ നടത്തുന്നത്. അതേസമയം മരിച്ച റാണിയും വള്ളിയും സഹോദരിമാരാണ്. കാണാതായ ലക്ഷ്മണനായി ഞായറാഴ്ച പുലര്‍ച്ചെ വീണ്ടും തെരച്ചിൽ ആരംഭിക്കും.
ശനിയാഴ്ച വൈകുന്നേരം ആറുവരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പുഴയിൽ അടിയൊഴുക്ക് ശക്തമായതോടെയാണ് തെരച്ചിൽ അവസാനിപ്പിച്ചതെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു. ഞായറാഴ്ച ഫയര്‍ഫോഴ്സിന്റെ സ്കൂബാ ടീമും സ്ഥലത്തെത്തി തെരച്ചിൽ നടത്തും.