നിജ്ജർ വധത്തിൽ അമിത് ഷായ്ക്ക് പങ്കുണ്ടെന്ന് കാനഡ; അടിസ്ഥാനരഹിതമെന്ന് ഇന്ത്യ
Saturday, November 2, 2024 6:18 PM IST
ന്യൂഡൽഹി: നിജ്ജർ വധത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിന് മറുപടിയുമായി ഇന്ത്യ. അടിസ്ഥാന രഹിതവും അസംബന്ധവുമായ കാര്യങ്ങളാണ് കനേഡിയൻ മന്ത്രി പറഞ്ഞതെന്ന് ഇന്ത്യ വ്യക്തമാക്കി. ഇതുസംബന്ധിച്ച് കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു.
പൊതുസുക്ഷ, രാജ്യസുരക്ഷ എന്നിവ സംബന്ധിച്ച് കാനഡയുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലാണ് വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസണ്‍ വിവാദ പ്രസ്ഥാവന നടത്തിയത്. സംഭവത്തിൽ കനേഡിയന്‍ ഹൈക്കമ്മീഷന് പ്രതിനിധിയെ വിളിച്ചുവരുത്തിയെന്നും പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള നയതന്ത്ര കുറിപ്പ് കൈമാറിയെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു.
നിജ്ജർ വധത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു. ഇന്ത്യ കഴിഞ്ഞ മാസം ഹൈകമ്മീഷണർ സഞ്ജയ് വർമയെ തിരിച്ചുവിളിച്ചിരുന്നു. ആറു കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെയും ഇന്ത്യ പുറത്താക്കിയിരുന്നു.