റാഗിംഗ്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ക്ലാസിൽ കയറി മർദിച്ചു
Saturday, November 2, 2024 5:59 PM IST
കണ്ണൂർ: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ കൂട്ടം ചേർന്ന് മർദിച്ചതായി പരാതി. ചക്കരക്കൽ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി മൗവ്വഞ്ചേരിയിലെ മുഹമ്മദ് മുനവറിനെയാണ് (16) പ്ലസ് ടു വിദ്യാർഥികളായ ഇരുപതോളം വിദ്യാർഥികൾ ചേർന്നു മർദിച്ചത്.
റാഗിംഗിന്റെ ഭാഗമായി നേരത്തെ ഷൂ ധരിച്ചു സ്കൂളിൽ വരരുതെന്ന് സീനിയർ വിദ്യാർഥികൾ പറഞ്ഞിരുന്നുവത്രേ. ഇത് വകവയ്ക്കാതിരുന്നതിനെ തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം മുനവറിനോട് മൂത്രപ്പുരയിലേക്ക് വരാൻ പറഞ്ഞു.
ഭയംകൊണ്ടു പോകാതിരുന്നെങ്കിലും പിന്നീട് ക്ലാസിൽ കയറി മർദിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ഇതേ സംഘം മറ്റൊരു പ്ലസ് വൺ വിദ്യാർഥിയെയും മർദിച്ചതായി പരാതിയുണ്ട്. ഈ സംഭവം സ്കൂൾ അധികൃതരെ അറിയിച്ചിരുന്നു.
മുനവ്വർ ചക്കരക്കൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയും ചക്കരക്കൽ പോലീസിൽ പരാതി നൽകുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്തു.