നവീൻ ബാബുവും പ്രശാന്തും ഫോണിൽ സംസാരിച്ചിരുന്നു; വിവരങ്ങൾ അന്വേഷണ സംഘത്തിന്
നവാസ് മേത്തർ
Saturday, November 2, 2024 4:58 PM IST
തലശേരി: കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ നിർണായക ഫോൺ കോൾ വിവരങ്ങൾ അന്വേഷണ സംഘം കണ്ടെത്തി. വിവാദ പെട്രോൾപമ്പ് ഉടമ ടി.വി. പ്രശാന്തിന്റെ കോൾ ഡീറ്റെയിൽസ് റിക്കാർഡിൽ (സിഡിആർ) നിന്നാണ് വിവരങ്ങൾ പുറത്തു വന്നിട്ടുള്ളത്. നവീൻ ബാബുവും പ്രശാന്തും കണ്ടുമുട്ടിയെന്ന് പറയുന്ന ഒക്ടോബർ ആറിന്റെ കോൾ ഡീറ്റെയിൽസാണ് ലഭിച്ചത്.
ആറിന് രാവിലെ 11.10ന് നവീൻ ബാബു പ്രശാന്തിനെ ഫോണിൽ വിളിച്ചു. അന്ന് തന്നെ ഉച്ചയ്ക്ക് 12.42 നും 12.48 നും പ്രശാന്ത് തിരിച്ച് നവീൻ ബാബുവിനെയും വിളിച്ചിട്ടുണ്ട്. 11.10ന് നവീൻ ബാബുവിന്റെ കോൾ അറ്റൻഡ് ചെയ്യുമ്പോൾ പ്രശാന്തിന്റെ ടവർ ലൊക്കേഷന്റെ അദ്ദേഹത്തിന്റെ നാടായിരുന്നു.
എന്നാൽ 12.42നും 12.48 നും പ്രശാന്ത് നവീൻ ബാബുവിനെ വിളിക്കുമ്പോൾ പ്രശാന്തിന്റെ ടവർ ലൊക്കേഷൻ നവീൻ ബാബുവിന്റെ ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന പള്ളിക്കുന്നിലും. ഈ സമയത്തുള്ള സിസിടിവി ദൃശ്യങ്ങൾ നേരത്തെ തന്നെ പോലീസ് ശേഖരിച്ചിരുന്നു. പ്രശാന്തിന്റെ കോൾ ഡീറ്റെയിൽസ് കോടതിയിൽ ആയുധമാക്കാനുള്ള നീക്കത്തിലാണ് പ്രതിഭാഗം.
സിസിടിവി ദൃശ്യങ്ങൾക്കായി പ്രതിഭാഗം കോടതിയിലേക്ക്
വിജിലൻസ് ഡിവൈഎസ്പി ഓഫീസിലെയും കെടിഡിസി ഹോട്ടലിലെയും സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു പ്രതിഭാഗം കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. നവീൻ ബാബു മരിക്കുന്നതിന് തലേന്നായ ഒക്ടോബർ 14ന് ഉച്ചയ്ക്ക് 12.30 മുതൽ 1.45 വരെയുള്ള സിസി ടിവി ദൃശ്യങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഭാഗം അഭിഭാഷകൻ കെ. വിശ്വൻ കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്.
അന്നേദിവസം പ്രശാന്തിനെ വിജിലൻസ് സിഐ ബിനു മോഹനനും വിജിലൻസ് ഡിവൈഎസ്പിയും ചോദ്യം ചെയ്തിരുന്നു. ഇത് സ്ഥിരീകരിക്കുന്നതിനാണ് അപൂർവങ്ങളിൽ അപൂർവമായ തെളിവു ശേഖരിക്കൽ നടപടിയിലേക്ക് കടന്നിട്ടുള്ളത്.
ഇത്തരം തെളിവു ശേഖരണത്തിന് പരിമിതമായ അവകാശങ്ങളെ പ്രതിഭാഗത്തിനുള്ളൂവെന്നും വർഷങ്ങൾക്ക് ശേഷം കേസ് വിചാരണയ്ക്ക് വരുമ്പോൾ ഈ സിസിടിവി ദൃശ്യങ്ങൾ നിർണായകമാകുമെന്നും അപ്പോൾ ഈ തെളിവ് ശേഖരിക്കൽ അസാധ്യമായതിനാലാണ് ഇത്തരം ഒരു അപേക്ഷയുമായി കോടതിയെ സമീപിച്ചതെന്നും പ്രതിഭാഗം അഭിഭാഷകൻ കെ. വിശ്വൻ പറഞ്ഞു.
നവീൻ ബാബുവിന്റെ "തെറ്റ്' കണ്ടെത്താൻ അന്വേഷണ സംഘം
നവീൻ ബാബുവിന് പറ്റിയ തെറ്റെന്താണ് എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാത്തത് അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്. ലാൻഡ് റവന്യൂ ജോയിന്റെ കമ്മീഷണർ എം. ഗീതയ്ക്കു കളക്ടർ അരുൺ കെ. വിജയൻ നൽകിയ മൊഴിയിലും പോലീസിനു നൽകിയ മൊഴിയിലും തനിക്ക് തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായി വെളിപ്പെടുത്തുന്നുണ്ട്.
സ്വാഭാവികമായും തെറ്റുപറ്റിയെന്ന് ഒരാൾ പറഞ്ഞാൽ എന്താണ് തെറ്റ് എന്ന് മറുചോദ്യം ഉയരില്ലേ? കളക്ടർ ഇക്കാര്യം നവീൻ ബാബുവിനോട് ചോദിച്ചിരുന്നോ? പെട്രോൾ പമ്പ് വിഷയത്തിൽ പണം വാങ്ങിയതാണോ? അതോ അതിനേക്കാൾ വലിയ മറ്റ് തെറ്റുകൾ വല്ലതുമാണോ സംഭവിച്ചിട്ടുള്ളത് എന്ന ചോദ്യമാണ് പ്രതിഭാഗം ഉയർത്തുന്നത്.
നവീൻ ബാബു കേസിൽ റിമാൻഡിൽ കഴിയുന്ന പി.പി. ദിവ്യയുടെ ജാമ്യഹർജി അഞ്ചിനാണ് തലശേരി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് കെ.ടി. നിസാർ അഹമ്മദ് പരിഗണിക്കുന്നത്. കേസിൽ അന്ന് വാദം നടക്കും. തുടർന്ന് കോടതി ജാമ്യ ഹർജിയിൽ വിധി പറയും.