കൊടകര കുഴൽപ്പണ കേസ്; പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം തിങ്കളാഴ്ച
Saturday, November 2, 2024 4:50 PM IST
തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ നിർണായക നീക്കവുമായി പോലീസ്. പുതിയ വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീഷിന്റെ മൊഴിയെടുക്കാനുള്ള നീക്കം അന്വേഷണസംഘം ആരംഭിച്ചു.
ശനിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അസൗകര്യം അറിയിച്ചതിനാൽ മറ്റൊരു ദിവസത്തേക്ക് മൊഴിയെടുപ്പ് മാറ്റുകയായിരുന്നു. കേസില്‍ തുടരന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം തിങ്കളാഴ്ച തൃശൂരില്‍ ചേരും.
തിങ്കളാഴ്ച കോടതിയുടെ അനുമതി തേടിയ ശേഷം മൊഴിയെടുക്കാനാണ് പോലീസിന്റെ തീരുമാനം. കേസില്‍ മുന്‍പ് അന്വേഷണം നടന്ന സമയത്ത് തൃശൂര്‍ പോലീസ് ക്ലബിലായിരുന്നു അന്വേഷണ സംഘം ക്യാമ്പ് ചെയ്തിരുന്നത്.
ഇത്തവണയും സംഘം ഇവിടെ തന്നെ ആയിരിക്കും ക്യാമ്പ് ചെയ്യുക. കവര്‍ന്ന തുകയെക്കുറിച്ച് കൂടുതൽ തെളിവുകള്‍ കിട്ടുമ്പോള്‍ തുടരന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയാണ് 2021ൽ ഇരിങ്ങാലക്കുട കോടതിയിൽ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.