ശബരിമല തീർഥാടകർക്ക് വിപുലമായ സൗകര്യങ്ങൾ; എല്ലാ ഒരുക്കവും പൂർത്തിയായെന്ന് മന്ത്രി വാസവൻ
Saturday, November 2, 2024 1:07 PM IST
കോട്ടയം: ശബരിമല തീർഥാടനത്തിനായി എല്ലാ ഒരുക്കവും പൂർത്തീകരിച്ചെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതലയോഗത്തിൽ അന്തിമഘട്ട ഒരുക്കം വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു.
കോട്ടയം പ്രസ്ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ തീർഥാടകർക്കും സുഗമമായ ദർശനം ഒരുക്കും. ഇത്തവണ ശബരമലയിൽ എത്തുന്ന എല്ലാ തീർഥാടകർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗജന്യ ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തിയിട്ടുണ്ട്.
അഞ്ചു ലക്ഷം രൂപയുടെ കവറേജാണ് നൽകുക. തീർഥാടകർ മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കും.
വിവിധ വകുപ്പുകളുടെ ഒരുക്കം വിലയിരുത്തി. ഇടത്താവളങ്ങളിലെ ഒരുക്കം വിലയിരുത്താനുള്ള യോഗങ്ങൾ പൂർത്തീകരിച്ചു. പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികളടക്കം എല്ലാ പ്രവർത്തികളും നവംബർ പത്തിനകം പൂർത്തീകരിക്കും. 1000 വിശുദ്ധി സേനാംഗങ്ങളെ പരിശീലനം നൽകി നിയോഗിക്കും.
പോലീസ് വിപുലമായ സുരക്ഷാസംവിധാനമൊരുക്കും. മുൻപ് ശബരിമലയിൽ ജോലി നോക്കി പരിചയമുള്ള ഉദ്യോഗസ്ഥരെയടക്കം 13600 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. കാനനപാതയിൽ തീർഥാടകർക്ക് എല്ലാസൗകര്യവും ഒരുക്കും. സ്നേക്ക് ക്യാച്ചേഴ്സിന്റെ അടക്കം സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഗ്നിരക്ഷാ സേന ഇത്തവണ കൂടുതൽ ഉദ്യോഗസ്ഥരെ വിവിധയിടങ്ങളിൽ നിയോഗിക്കും. 2500 ആപ്തമിത്ര വോളന്റിയർമാരുടെ സേവനം അഗ്നിരക്ഷ സേനയുടെ ഭാഗമായി ഒരുക്കും. ഫയർഫോഴ്സ് വിവരങ്ങൾ കൈമാറുന്നതിനും പെട്ടെന്ന് നടപടികൾ സ്വീകരിക്കുന്നതിനും പുതിയ വാക്കിടോക്കി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വ്യൂപോയിന്റുകളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തും. സ്കൂബാ ടീമടക്കമുള്ളവരുടെ സേവനവും ലഭിക്കും.
തീർഥാടകർ എത്തുന്ന എല്ലാ പ്രധാനസ്ഥലങ്ങളിലും കുടിവെള്ളമെത്തിക്കാൻ ജലഅതോറിറ്റി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ചെങ്ങന്നൂർ, എരുമേലി, പമ്പയടക്കം എല്ലാ കുളിക്കടവുകളിലും ഇറിഗേഷൻ വകുപ്പ് സുരക്ഷാവേലികൾ നിർമിക്കും. വിവിധ ഭാഷകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
ശുചിത്വമിഷന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ മാലിന്യസംസ്ക്കരണത്തിന് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കുക. സെപ്റ്റിക് ടാങ്ക് മാലിന്യസംസ്ക്കരണത്തിന് ആധുനിക മൊബൈൽ സംവിധാനങ്ങളടക്കം ഉപയോഗിക്കും. ചങ്ങനാശേരി നഗരസഭ, കുമരകം പഞ്ചായത്ത് എന്നിവിടങ്ങളിലെ മൊബൈൽ സെപ്റ്റിക് ടാങ്ക് മാലിന്യസംസ്ക്കരണ യൂണിറ്റ് ഇതിനായി ഉപയോഗിക്കും.
നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലും കോട്ടയം മെഡിക്കൽ കോളജിലും പത്തനംതിട്ട ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി എന്നിവടങ്ങളിൽ ആരോഗ്യവകുപ്പ് വിപുലമായ ചികിത്സാസൗകര്യങ്ങളൊരുക്കും.
എല്ലാ ആശുപത്രികളിലും ആവശ്യത്തിന് മരുന്നും മറ്റുസൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. പമ്പ, അപ്പാച്ചിമേട്, സന്നിധാനം, പത്തനംതിട്ട ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളജ്, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ വിപുലമായ കാർഡിയോളജി ചികിത്സാസംവിധാനമുണ്ട്.
ഇവിടങ്ങളിൽ തീർഥാടകർക്കായി പ്രത്യേകവാർഡുകളും ഇൻഫർമേഷൻ സെന്ററുകളും തുറക്കും. പാമ്പുകടി ഏൽക്കുന്നവർക്ക് ആന്റിവെനം അടക്കമുള്ള ചികിത്സാസംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പമ്പയിലും അപ്പാച്ചിമേട്ടിലും സന്നിധാനത്തും ആരോഗ്യവകുപ്പ് മികച്ച സേവനങ്ങൾ ഭക്തർക്കായി നൽകുന്നുണ്ട്.
ഇവയ്ക്ക് പുറമേ ലോകപ്രശസ്തനായ ന്യൂറോസർജൻ രാംനാരായണന്റെ നേതൃത്വത്തിൽ വിദഗ്ധരായ നൂറിലേറെ ഡോക്ടർമാർ ഡിവോവോട്ടീസ് ഓഫ് ഡോക്ടർസ് എന്ന പേരിൽ സേവന സന്നദ്ധത അറിയിച്ചു. ഇത് ഫലപ്രദമായി വിനിയോഗിക്കും. മണ്ഡല-മകരവിളക്ക് കാലം മുഴുവൻ എക്കോ കാർഡിയോഗ്രാം ഉൾപ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങൾ ഉൾപ്പെടെ ലഭ്യമാക്കി ഡോക്ടർസ് പമ്പയിലും സന്നിധാനത്തും സേവനം ലഭ്യമാക്കും.
മോട്ടോർ വാഹനവകുപ്പ് സേഫ് സോൺ പദ്ധതി വിപുലമാക്കും. 20 സ്ക്വാഡുകളെ പട്രോളിങ്ങിനായി നിയോഗിക്കും. മൂന്നു കൺട്രോൾ റൂമുകൾ തുറക്കും. 24 മണിക്കൂറും സേവനം ലഭിക്കും. വാഹനങ്ങൾ കേടായാൽ മാറ്റുന്നതിന് റിക്കവറി വാഹനങ്ങളുടെ സേവനമടക്കം ലഭ്യമാക്കും.
ജല അതോറിട്ടിയുടെ ഗുണനിലവാര പരിശോധന ലാബിലൂടെ പമ്പയിൽ ഓരോ മണിക്കൂറിലും വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കും. കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തും. തേനി-പമ്പ സെക്ടറിൽ കൂടുതൽ സർവീസുകൾ നടത്തും.
ഭക്ഷണത്തിന്റെ ഗുണനിലവാരവും അളവും ശുചിത്വവും ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പും ലീഗൽ മെട്രോളജിയും ചേർന്ന് സംയുക്ത പരിശോധനകൾ നടത്തും. ഇടത്താവളങ്ങളിലും പരിശോധന കർശനമാക്കും. ലഹരിവസ്തുക്കളുടെ ഉപയോഗം തടയാൻ എക്സൈസും പൊലീസും ചേർന്ന് സംയുക്തപരിശോധനകൾ നടത്തും. കാനനപാതയിലടക്കം മുടക്കമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ കെഎസ്ഇബി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
മരക്കൂട്ടംമുതൽ സന്നിധാനം വരെ തീർഥാടകർക്ക് വിശ്രമിക്കുന്നതിനായി 1000 സ്റ്റീൽ കസേരകൾ സ്ഥാപിക്കും. കുടിവെള്ളമടക്കമുള്ള സൗകര്യങ്ങളും ലഭ്യമാക്കും. ഇ-ടോയ്ലറ്റ് സൗകര്യവുമുണ്ടാകും. പ്രധാനപ്പെട്ട റെയിൽവേസ്റ്റേഷനുകളിൽ പൊലീസ് എയ്ഡ്പോസ്റ്റുകൾ തുറക്കും. കാനനപാതയിൽ വനംവകുപ്പ് 132 സേവനകേന്ദ്രങ്ങൾ തുറക്കും. തീർഥാടകർക്കാവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കാൻ 1500 എക്കോ ഗാർഡുകളെ നിയോഗിക്കും. എലിഫെന്റ് സ്ക്വാഡിന്റെയടക്കം സേവനമുണ്ടാകും.
ദുരന്തനിവാരണ വകുപ്പ് പ്രത്യേക ദുരന്തനിവാരണ ആക്ഷൻ പ്ലാൻ ശബരിമലയ്ക്കായി തയാറാക്കിയിട്ടുണ്ട്. 17 ലക്ഷം രൂപ പത്തനംതിട്ട ദുരന്തനിവാരണ സമിതിക്ക് അനുവദിച്ചിട്ടുണ്ട്. 90 റവന്യൂ ജീവനക്കാരെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി നിയോഗിക്കും.
ഭക്ഷ്യ-സാധനവില ആറു ഭാഷകളിൽ പ്രദർശിപ്പിക്കും. കൂടുതൽ സിസിടിവികൾ സ്ഥാപിക്കും. കവറേജ് വർധിപ്പിക്കുന്നതിനായി ബിഎസ്എൻഎൽ. 22 മൊബൈൽ ടവറുകൾ ഒരുക്കും. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ശുചിത്വമിഷൻ ബോധവത്കരണം നടത്തും. തുണിമാലിന്യങ്ങൾ നീക്കുന്നതിന് ഗ്രീൻ ഗാർഡുകളെ നിയോഗിക്കും.
വൃശ്ചികം ഒന്നിന് 40 ലക്ഷം കണ്ടെയ്നർ അരവണ ബഫർ സ്റ്റോക്കുണ്ടാകും. അരണവണയും അപ്പവും തീർഥാടകർക്കും യഥേഷ്ടം ലഭ്യമാക്കും. എസ്എംഎസ് മുഖേന തീർഥാടകർക്ക് വിവരങ്ങൾ നൽകാൻ ദേവസ്വം ബോർഡ് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
നിലയ്ക്കലിൽ 10,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ ഇത്തവണ സൗകര്യമൊരുക്കും. കഴിഞ്ഞതവണ 7500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയുമായിരുന്നു. ഇത്തവണ കൂടുതൽ സൗകര്യമൊരുക്കി 2500 വാഹനങ്ങൾക്ക് കൂടി പാർക്കിംഗ് ക്രമീകരണമൊരുക്കും.
നിലയ്ക്കലിൽ പാർക്കിംഗ് പൂർണമായി ഫാസ്റ്റ് ടാഗ് ഉപയോഗിച്ചാണ്. പമ്പ ഹിൽടോപ്പ് , ചക്കുപാലം എന്നിവിടങ്ങളിൽ മാസപൂജ സമയത്ത് പാർക്കിങ്ങിന് കോടതി അനുമതി നൽകിയിരുന്നു. ഇവിടെ 2000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം.
കോടതി അനുമതിയോടെ മണ്ഡല മകരവിളക്ക് മഹോത്സവകാലത്ത് ഇവിടെ പാർക്കിങ് ക്രമീകരണം ഒരുക്കാൻ ശ്രമിക്കും. എരുമേലിയിൽ ഹൗസിംഗ് ബോർഡിന്റെ കൈവശമുള്ള ആറര ഏക്കർ സ്ഥലം പാർക്കിംഗിനായി വിനിയോഗിക്കും.
നിലയ്ക്കലിൽ 1045 ടോയ്ലറ്റുകളും പമ്പയിൽ 580 ടോയ്ലറ്റുകളും ഒരുക്കും. നൂറെണ്ണം സ്ത്രീകൾക്കായാണ് ഒരുക്കുക. സന്നിധാനത്ത് 1005 ടോയ്ലെറ്റുകളൊരുക്കും. പാരമ്പര്യപാതയിലും സ്വാമി അയ്യപ്പൻ റോഡിലുമായി ബയോടോയ്ലെറ്റുകളും ബയോ യൂറിനലകളും അൻപതിലധികം സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞവർഷം 15 ലക്ഷത്തിലേറെ പേർക്ക് അന്നദാനം നൽകി. ഇത്തവണ 20 ലക്ഷത്തിലേറെ അയ്യപ്പഭക്തർക്ക് സന്നിധാനത്ത് അന്നദാനം ഒരുക്കും. സന്നിധാനത്തെ ശബരി ഗസ്റ്റ് ഹൗസ് പൂർണമായും പുനർ നവീകരിക്കുന്നു. സന്നിധാനത്തെ ദേവസ്വം ജീവനക്കാർക്ക് താമസിക്കാനുള്ള സ്റ്റാഫ് ക്വാർട്ടേഴ്സ് പൂർണമായും നവീകരിച്ചു. പമ്പയിലെ ഗസ്റ്റ് ഹൗസിലും നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്ണൻ കുട്ടി, എ.കെ. ശശീന്ദ്രൻ, ജി.ആർ. അനിൽ, കെ.ബി. ഗണേഷ്കുമാർ, വീണ ജോർജ്, എംഎൽഎമാരായ അഡ്വ. പ്രമോദ് നാരായൺ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം സ്പെഷൽ സെക്രട്ടറി ടി.വി. അനുപമ, ഉന്നത ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് മേധാവികൾ, ജില്ലാ കളക്ടർമാർ, തദ്ദേശസ്വയംഭരണ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വാർത്താ സമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവനൊപ്പം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം വകുപ്പ് അഡീഷണൽ സെക്രട്ടറി റ്റി. ആർ. ജയപാൽ എന്നിവർ പങ്കെടുത്തു.