തിരൂര്‍ സതീശുമായി ബന്ധമുണ്ടെന്ന ആരോപണം; ശോഭാ സുരേന്ദ്രന് ഇന്ന് മാധ്യമങ്ങളെ കാണും
Saturday, November 2, 2024 10:08 AM IST
പാലക്കാട്: കൊടകര കുഴല്‍പ്പണമായി ബന്ധപ്പെട്ടുയര്‍ന്ന പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ഇന്ന് പകല്‍ 11 ന് മാധ്യമങ്ങളെ കാണും. വെളിപ്പെടുത്തല്‍ നടത്തിയ തിരൂര്‍ സതീശുമായി ശോഭയ്ക്ക് ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. സതീശ് ശോഭയുടെ ഡ്രൈവറായിരുന്നുവെന്നും ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങളില്‍ ശോഭ വിശദീകരണം നല്‍കിയേക്കും.
നിലവിലെ വിവാദത്തിന് പിന്നില്‍ പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങളാണെന്നാണ് വിവരം. നേരത്തെ, പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രനായിരിക്കും എന്‍എഡിഎ സ്ഥാനാര്‍ഥി എന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. കൃഷ്ണകുമാര്‍ സ്ഥാനാര്‍ഥിയായി മാറുകയായിരുന്നു.
കഴിഞ്ഞദിവസമാണ് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശ് കൊടകരയില്‍ കുഴല്‍പ്പണമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയത്. കൊടകരയില്‍ എത്തിയത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ചാക്കുകെട്ടുകളിലായാണ് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നവര്‍ക്ക് മുറി എടുത്ത് നല്‍കിയത് താനാണെന്നും സതീശ് വെളിപ്പെടുത്തിയിരുന്നു.
സതീശിന്റെ ആരോപണം ഏറ്റെടുത്ത് സിപിഎമ്മും സിപിഐയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. എന്നാല്‍ സതീശിനെ തള്ളി ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രനും ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാറും രംഗത്തെത്തിയിരുന്നു.
സതീശിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ സിപിഎം നേതാവ് എ.സി. മൊയ്തീനാണെന്നാണ് ശോഭ ആരോപിച്ചത്. എന്നാല്‍ മൊയ്തീന് ഇക്കാര്യം നിഷേധിച്ചിരുന്നു.