കറക്കിവീഴ്ത്തി ജഡേജയും വാഷിംഗ്ടണും; മുംബൈയിൽ കിവീസ് 235നു പുറത്ത്
Friday, November 1, 2024 3:47 PM IST
മുംബൈ: ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ന്യൂസിലന്‍ഡ് 235 റൺസിനു പുറത്ത്. അഞ്ചുവിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും നാലുവിക്കറ്റെടുത്ത വാഷിംഗ്ടൺ സുന്ദറുമാണ് കിവികളെ കറക്കിവീഴ്ത്തിയത്.
അർധസെഞ്ചുറി നേടിയ ഡാരിൽ മിച്ചൽ (82), വിൽ യംഗ് (71) എന്നിവരുടെ ബാറ്റിംഗാണ് സന്ദർശകരെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇവർക്കു പുറമേ, നായകൻ ടോം ലാഥം (28), ഗ്ലെൻ ഫിലിപ്സ് (17) എന്നിവരൊഴികെ മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കിവീസിന് നാലാം ഓവറില്‍ തന്നെ ആദ്യവിക്കറ്റ് നഷ്ടമായി. ഫോമിലുള്ള ഡെവണ്‍ കോണ്‍വെയെ ആകാശ് ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.
പിന്നീട് വന്ന വില്‍ യംഗുമായി ചേർന്ന് ലാഥം സ്കോർ മുന്നോട്ടുനീക്കി. സ്കോര്‍ 50 കടത്തിയതിന് പിന്നാലെ വാഷിംഗ്ടണ്‍ സുന്ദർ ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ നല്കി. ലാഥമിനെ സുന്ദര്‍ ബൗള്‍ഡാക്കിയതോടെ കിവീസ് രണ്ടിന് 59 റൺസെന്ന നിലയിലായി.
പിന്നാലെയെത്തിയ രചിന് രവീന്ദ്രയെ സുന്ദര്‍ ബൗള്‍ഡാക്കിയതോടെ കീവിസ് ഞെട്ടി. മൂന്നിന് 72 റൺസെന്ന നിലയിലായ ന്യൂസിലൻഡിനെ പിന്നീട് ഡാരിൽ മിച്ചലും വിൽ യംഗും ചേർന്ന് തോളിലേറ്റുന്ന കാഴ്ചയാണ് കണ്ടത്. നാലാംവിക്കറ്റിൽ മിച്ചൽ-യംഗ് കൂട്ടുകെട്ട് സ്കോർ 100 കടത്തി.
ഒടുവിൽ യംഗിനെ രോഹിത് ശർമയുടെ കൈകളിലെത്തിച്ച് രവീന്ദ്ര ജഡേജ ഇന്ത്യയെ കളിയിലേക്ക് മടക്കികൊണ്ടുവന്നു. തൊട്ടുപിന്നാലെ ടോം ബ്ലൻഡൽ (പൂജ്യം), ഗ്ലെൻ ഫിലിപ്സ് (17), ഇഷ് സോധി (ഏഴ്), മാറ്റ് ഹെന്റി (പൂജ്യം) എന്നിവരെയും തുടർച്ചയായി വീഴ്ത്തി ജഡേജ കനത്ത പ്രഹരമേല്പിച്ചു. നാലിന് 159 റൺസെന്ന നിലയിൽ നിന്നാണ് ഒമ്പതിന് 228 റൺസെന്ന നിലയിലേക്ക് ജഡേജ കിവീസിനെ തള്ളിയിട്ടത്.
പിന്നാലെ ഏഴു റൺസെടുത്ത അജാസ് പട്ടേലിനെ വാഷിംഗ്ടൺ സുന്ദർ വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെ വിക്കറ്റ് വീഴ്ച പൂർത്തിയായി.
22 ഓവറിൽ 65 റൺസ് മാത്രം വഴങ്ങിയാണ് ജഡേജയുടെ അഞ്ചുവിക്കറ്റ് പ്രകടനം. വാഷിംഗ്ടൺ സുന്ദർ 18.4 ഓവറിൽ 81 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ ശേഷിച്ച വിക്കറ്റ് ആകാശ്ദീപ് സിംഗ് സ്വന്തമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 11 റൺസെടുത്തിട്ടുണ്ട്. 11 റൺസുമായി രോഹിത് ശർമയും റണ്ണൊന്നുമെടുക്കാതെ യശസ്വി ജയ്സ്വാളുമാണ് ക്രീസിൽ.