പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ വാദം ചൊവ്വാഴ്ച
Friday, November 1, 2024 12:38 PM IST
കണ്ണൂർ: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പി.പി.ദിവ്യയുടെ ജാമ്യാപേക്ഷ വാദം കേള്‍ക്കാന്‍ മാറ്റി. ഹര്‍ജിയില്‍ വ്യാഴാഴ്ച കോടതി വാദം കേള്‍ക്കും. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക.
ഹര്‍ജിയില്‍ കക്ഷി ചേരാന്‍ നവീന്‍ ബാബുവിന്റെ കുടുംബം അപേക്ഷ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് സെഷൻസ് ജഡ്ജ് കെ.ടി. നിസാർ അഹമ്മദ് മുമ്പാകെ ദിവ്യക്കു വേണ്ടി അഡ്വ. കെ. വിശ്വൻ ജാമ്യഹർജി ഫയൽ ചെയ്തത്.
കളക്ടറുടെ മൊഴികൾ, ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ ഗീതയുടെ അന്വഷണ റിപ്പോർട്ട്, പ്രശാന്തിന്റെ മൊഴികൾ, നവീൻ ബാബു തെറ്റുപറ്റി എന്ന് കളക്ടറോട് പറഞ്ഞതിന്റെ വിശകലനങ്ങൾ എല്ലാം കോടതിക്കു മുന്നിൽ എത്തും. നവീൻ ബാബുന തെറ്റുപറ്റിയെന്നു തന്നോട് പറഞ്ഞെന്ന കളക്ടറുടെ വെളിപ്പെടുത്തൽ ജാമ്യഹർജിയിലെ വാദത്തിലും നിർണായക ഘടകമാകും.
യാത്രയയപ്പിലെ വിവാദ ദൃശ്യങ്ങളിലെ ചില ഭാഗങ്ങൾ മുൻകൂർ ജാമ്യാപേക്ഷയിൽ പ്രതിഭാഗം കോടതിക്കു മുന്നിൽ നിന്നു മറച്ചു വച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന ആരോപണം. എന്നാൽ, ജാമ്യഹർജി പരിഗണനയ്ക്കെത്തുമ്പോൾ പ്രോസിക്യൂഷൻ കോടതിക്കു മുന്നിൽ മറച്ചു വച്ച കാര്യങ്ങളുടെ നീണ്ട ലിസ്റ്റുമായാണ് പ്രതിഭാഗം കോടതിക്കു മുന്നിൽ എത്തുന്നത് എന്ന പ്രത്യേകതയും ഈ കേസിനുണ്ട്.