"എല്ലാം നിങ്ങളുടെ കഥ, സിബിഐയെ വിളിക്കാൻ പറ': കൊടകര വിഷയത്തിൽ മാധ്യമങ്ങളോടു ക്ഷോഭിച്ച് സുരേഷ് ഗോപി
Friday, November 1, 2024 10:43 AM IST
തൃശൂർ: കൊടകര കുഴൽപ്പണ കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമപ്രവര്‍ത്തകര്‍ അന്വേഷണ സംഘമാകേണ്ടെന്നും എല്ലാം മാധ്യമങ്ങള്‍ സൃഷ്ടിച്ച കഥയാണെന്നുമാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
അന്വേഷണത്തിനായി സിബിഐയെ വിളിക്കാൻ പറ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് കാരണം രാഷ്ട്രീയമാണെന്നും മാധ്യമ പ്രവർത്തകരാണ് കേസിന്റെ ഉദ്ധാരകർ എന്നും അദ്ദേഹം ആരോപിച്ചു.
'ഇപ്പോഴും കടത്തിക്കൊണ്ടിരിക്കുന്ന സ്വർണം, അതിന്റെ കാശൊക്കെ തീവ്രവാദത്തിനാണോ കൊടുത്തതെന്നും അന്വേഷിക്ക്. ഇതെല്ലാം നിങ്ങളുടെ കഥയല്ലേ. നിങ്ങൾ സിബിഐയെ വിളിക്കാൻ പറ. അതിനപ്പുറം എന്താ. ഞാൻ വളരെ ട്രാൻസ്പരന്റാണ്. നിങ്ങൾ പോലീസും അന്വേഷണ ഉദ്യോഗസ്ഥരുമൊന്നും ആകരുത്. അതിന് ഒരു യോഗ്യതയും നിങ്ങൾക്കില്ല.' - സുരേഷ് ഗോപി പറഞ്ഞു.
കേസിൽ കുഴൽപ്പണമായി എത്തിയത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഓഫീസിലേക്ക് ചാക്കുകെട്ടുകളിൽ നിറച്ചായിരുന്നു പണം എത്തിച്ചിരുന്നത്. ധർമ്മരാജൻ എന്ന വ്യക്തിയാണ് പണം കൊണ്ടുവന്നത്. ധർമ്മരാജൻ പണവുമായി ജില്ലാ ഓഫീസിലെത്തുമ്പോൾ അവിടെ കെ. സുരേന്ദ്രൻ ഉണ്ടായിരുന്നു.
ധർമ്മരാജന് മുറി എടുത്തുകൊടുത്തത് താനാണ്. പണത്തിനു കാവലിരുന്നത് താനാണെന്നും സതീഷ് പറഞ്ഞു. കവർച്ച ചെയ്യപ്പെട്ടത് തൃശൂർ ജില്ലാ ഓഫീസിൽ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോയ പണമാണെന്നും സതീഷ് വെളിപ്പെടുത്തിയിരുന്നു.