മുംബൈ ടെസ്റ്റിലും ടോസ് ജയിച്ച് ന്യൂസിലൻഡ്; ബാറ്റിംഗ് തെരഞ്ഞെടുത്തു, ഒരു മാറ്റവുമായി ഇന്ത്യ
Friday, November 1, 2024 10:00 AM IST
മുംബൈ: ന്യൂസിലൻഡിനെതിരായ പരന്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബൗളിംഗ്. ടോസ് നേടിയ കിവീസ് നായകൻ ടോം ലാഥം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
പൂന ടെസ്റ്റിൽ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പേസര്‍ ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിച്ചപ്പോള്‍ മുഹമ്മദ് സിറാജ് പ്ലേയിംഗ് ഇലവനിലെത്തി.
അതേസമയം, രണ്ട് മാറ്റങ്ങളുമായാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്. പരിക്കേറ്റ മിച്ചല്‍ സാന്റ്നര്‍ക്ക് പകരം ഇഷ് സോധിയും ടിം സൗത്തിക്ക് പകരം മാറ്റ് ഹെന്റിയും പ്ലേയിംഗ് ഇലവനിലെത്തി.
ആദ്യ രണ്ട് ടെസ്റ്റിലും തോറ്റ്, പരമ്പര കൈവിട്ട രോഹിത് ശർമയും സംഘവും മാനം കപ്പൽ കയറാതിരിക്കാനുള്ള ആശ്വാസജയം പ്രതീക്ഷിച്ചാണ് ഇന്നു കളത്തിലിറങ്ങുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ്പട്ടികയിലെ ഒന്നാംസ്ഥാനം നിലനിർത്താനും ഇന്ത്യക്ക് മുംബൈയിൽ ജയം അനിവാര്യമാണ്.
മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ റാങ്ക് ടേണർ പിച്ചായിരിക്കും എന്നാണ് സൂചന. ടീം ഇന്ത്യ ക്യൂരേറ്ററിന് ഇതു സംബന്ധിച്ച നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്. മത്സരത്തിന്റെ ഒന്നാം ദിനം മുതൽ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ് റാങ്ക് ടേണർ.
ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ വാങ്കഡെയിൽ കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ നിന്ന് 38 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. രവീന്ദ്ര ജഡേജ വാങ്കഡെയിൽ ഒരു മത്സരം മാത്രമാണ് കളിച്ചത്. അതിൽ ആറു വിക്കറ്റ് വീഴ്ത്തി.
ന്യൂസിലൻഡ് പ്ലേയിംഗ് ഇലവൻ: ടോം ലാഥം, ഡെവൺ കോൺവേ, വിൽ യംഗ്, രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ബ്ലണ്ടൽ, ഗ്ലെൻ ഫിലിപ്സ്, ഇഷ് സോധി, മാറ്റ് ഹെൻറി, അജാസ് പട്ടേൽ, വില്യം ഒറോർക്ക്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്സ്വാൾ, രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ഋഷഭ് പന്ത്, സർഫറാസ് ഖാൻ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, രവിചന്ദ്രൻ അശ്വിൻ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.