എഡിഎം നവീന്‍ ബാബുവിന്റെ മരണം: പി.പി. ദിവ്യക്ക് ഇന്ന് നിര്‍ണായക ദിനം
Friday, November 1, 2024 8:22 AM IST
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ റിമാന്‍ഡിലായ പി.പി. ദിവ്യക്ക് ഇന്ന് നിര്‍ണായക ദിനം. ദിവ്യയുടെ ജാമ്യപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിക്കും. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യഹര്‍ജി പരിഗണിക്കുക.
വ്യാഴാഴ്ചയാണ് ദിവ്യ ജാമ്യപേക്ഷ നല്‍കിയത്. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഉന്നയിച്ചതില്‍നിന്ന് കൂടുതല്‍ വാദങ്ങള്‍ ദിവ്യ ജാമ്യഹര്‍ജിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്റേയും പ്രശാന്തിന്റേയും മൊഴികള്‍ മുന്‍നിര്‍ത്തിയാണ് ദിവ്യ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. പോലീസിന്റെ അന്വേഷണം ശരിയായ രീതിയില്‍ അല്ലെന്നും ജാമ്യഹര്‍ജിയില്‍ പ്രധാനമായി ഉന്നയിക്കുന്നു. റിമാന്‍ഡിലായ ദിവ്യ ഇപ്പോള്‍ പള്ളിക്കുന്ന് ജയിലിലാണുള്ളത്.
അതേ സമയം, ജാമ്യാപേക്ഷയെ നവീന്‍ ബാബുവിന്റെ കുടുംബം എതിര്‍ക്കും. നവീനിനെതിരേ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനേയും പ്രതി ചേര്‍ക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നവീന്‍ കുറ്റസമ്മതം നടത്തിയെന്ന ജില്ലാ കളക്ടറുടെ മൊഴിയും കുടുംബം തള്ളി. സഹപ്രവര്‍ത്തകരോട് ഒരിക്കലും സൗഹാര്‍ദപരമായി പെരുമാറാത്ത കളക്ടറോട് എഡിഎം ഒന്നും തുറന്ന് പറയില്ലെന്നുറപ്പാണെന്നാണ് നവീനിന്റെ ഭാര്യ മഞ്ജുഷ വ്യക്തമാക്കുന്നു.