കുർസ്ക് മേഖലയിൽ 8,000 ഉത്തരകൊറിയൻ സൈനികരെ റഷ്യ വിന്യസിച്ചതായി ആന്റണി ബ്ലിങ്കൻ
Friday, November 1, 2024 6:06 AM IST
വാഷിംഗ്ടൺ ഡിസി: ഏകദേശം 10,000 ഉത്തര കൊറിയൻ സൈനികർ നിലവിൽ റഷ്യയിലുണ്ടെന്നും 8,000 ത്തോളം പേരെ കുർസ്ക് മേഖലയിൽ വിന്യസിച്ചിട്ടുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ.
ഈ സൈനികർ ഇതുവരെ യുക്രേനിയൻ സേനയ്ക്കെതിരായ പോരാട്ടത്തിൽ ഏർപ്പെട്ടിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ അവരുടെ ഇടപെടൽ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിൻ മൂന്നാമൻ, റിപ്പബ്ലിക് ഓഫ് കൊറിയൻ വിദേശകാര്യ മന്ത്രി ചോ തേ-യുൾ, റിപ്പബ്ലിക് ഓഫ് കൊറിയൻ പ്രതിരോധ മന്ത്രി കിം യോംഗ്-ഹ്യുൻ എന്നിവരുമായി വ്യാഴാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് ബ്ലിങ്കൻ പരാമർശം നടത്തിയത്.
റഷ്യയിൽ ആകെ 10,000 ഉത്തരകൊറിയൻ സൈനികരുണ്ടെന്ന് ഞങ്ങൾ ഇപ്പോൾ വിലയിരുത്തുന്നു. കൂടാതെ സമീപകാല വിവരങ്ങൾ സൂചിപ്പിക്കുന്നത് 8,000 ഉത്തരകൊറിയൻ സേനകളെ കുർസ്ക് മേഖലയിൽ വിന്യസിച്ചിട്ടുണ്ടെന്നാണ്. യുക്രേനിയൻ സേനയ്ക്കെതിരായ പോരാട്ടത്തിൽ ഇതുവരെ ഇവർ ഏർപ്പെട്ടിട്ടില്ല. എന്നാൽ വരും ദിവസങ്ങളിൽ അത് സംഭവിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.- ആന്റണി ബ്ലിങ്കൻ പറഞ്ഞു.
റഷ്യ, ഉത്തരകൊറിയൻ സൈനികർക്ക് പീരങ്കികൾ, യുഎവികൾ, അടിസ്ഥാന കാലാൾപ്പട പ്രവർത്തനങ്ങൾ എന്നിവയിൽ പരിശീലനം നൽകുന്നുണ്ട്. യുക്രെയ്നുമായുള്ള സംഘർഷത്തിൽ ഈ സേനയെ മുൻനിര ഓപ്പറേഷനുകളിൽ പൂർണമായും ഉപയോഗിക്കാൻ അവർ ഉദ്ദേശിക്കുന്നുവെന്നാണ് തങ്ങൾ കരുതുന്നതെന്നും ബ്ലിങ്കൻ വ്യക്തമാക്കി.
വ്ളാഡിമിർ പുടിൻ ഉത്തര കൊറിയയുടെ സഹായം തേടുന്നത് ബലഹീനതയുടെ വ്യക്തമായ അടയാളമാണെന്നും ബ്ലിങ്കൻ വിമർശിച്ചു. ഉത്തര കൊറിയൻ സൈനികരെ വിന്യസിച്ചതോടെ റഷ്യയിൽ പ്രതിദിനം 12,000 മരണങ്ങളാണുണ്ടാകുന്നത്. 100 വർഷത്തിനിടെ ഇതാദ്യമായാണ് റഷ്യ വിദേശ സൈനികരെ അവരുടെ രാജ്യത്തേക്ക് ക്ഷണിക്കുന്നതെന്നും ബ്ലിങ്കെൻ കൂട്ടിച്ചേർത്തു.