ബൈക്ക് ഓടിച്ചതിന്റെ പേരിൽ തർക്കം; യുവാവിനെയും കൗമാരക്കാരനെയും പ്രായപൂർത്തിയാകാത്തവർ കുത്തിക്കൊന്നു
Friday, November 1, 2024 1:51 AM IST
ന്യൂഡൽഹി: ഡൽഹിയിലെ ബവാന മേഖലയിൽ വാഹനം ഓടിച്ചതിന്റെ പേരിലുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെയും കൗമാരക്കാരനായ സുഹൃത്തിനെയും കുത്തിക്കൊന്നു. പ്രായപൂർത്തിയാകാത്ത നാല് കുട്ടികളാണ് കേസിലെ പ്രതികൾ.
ദേശീയ തലസ്ഥാനത്തെ ജി-ബ്ലോക്ക് ജെജെ കോളനിയിലാണ് സംഭവം നടന്നത്. 17, 20 വയസുള്ളവരാണ് മരിച്ചത്. ഇവരും പ്രായപൂർത്തിയാകാത്ത നാല് ആൺകുട്ടികളുമായി ബൈക്ക് ഓടിച്ചതുമായി ബന്ധപ്പെട്ട് വഴക്കുണ്ടായിരുന്നു.
വാക്കുതർക്കത്തിനിടെ നാല് പ്രതികളിൽ രണ്ട് പേർ ബൈക്ക് യാത്രികനെയും സുഹൃത്തിനെയും കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതികളിൽ രണ്ട് പേർക്ക് 15 വയസും മറ്റ് രണ്ട് പേർക്ക് 16, 13 വയസുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പോലീസ് നടപടി തുടങ്ങിയത്.